വീട്ടിലെ പഴയ രേഖകള്‍ പരതിയത് ജീവിതം മാറ്റിമറിച്ചു; മുത്തച്ഛൻ ഏതോ കാലത്ത് വാങ്ങിയ ഓഹരികളിലൂടെ കോടീശ്വരിയായി യുവതി

ബംഗളുരു
കൊവിഡ് കാലത്ത് ഓഫീസുകള്‍ അടച്ച്‌ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് 2020ല്‍ ആണ് പ്രിയ ശർമ എന്ന യുവതിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായത്.

പഴയ രേഖകള്‍ പരതുന്നതിനിടയില്‍ തന്റെ മുത്തച്ഛന്റെ വില്‍പ്പത്രം പ്രിയയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് വായിച്ച്‌ നോക്കിയപ്പോഴാണ് അദ്ദേഹം വാങ്ങിയ കുറച്ച്‌ ഓഹരികളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലുള്ളതായി മനസിലായത്. 

ബ്ലുചിപ്പ് കണ്‍സ്ട്രക്ഷൻ കമ്ബനിയായ ലാർസൻ ആന്റ് ടർബോയുടെ (എല്‍ ആന്റ് ടി) 500 ഓഹരികളാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് മുത്തച്ഛൻ വാങ്ങിയത്. പിന്നീട് കാലങ്ങളോളം അവയെക്കുറിച്ച്‌ ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. ഇക്കാലയളവില്‍ ഓഹരികളുടെ എണ്ണവും മൂല്യമുമെല്ലാം വർദ്ധിച്ചു. പ്രിയയുടെ ജീവിതം തന്നെ മാറിമറിയുന്നത്രയായിരുന്നു ഓഹരികളുടെ മൂല്യം. അന്നത്തെ 500 ഓഹരികള്‍ ബോണസ് ഷെയറുകളും സ്റ്റോക്ക് സ്പ്ലിറ്റുകളും കൂടിയായപ്പോള്‍ 4500 ഓഹരികളായി വർദ്ധിച്ചു. അധിക പണം മുടക്കാതെ 500 ഓഹരികള്‍ കാലങ്ങള്‍ കൊണ്ട് 4500 ഓഹരികളായി മാറിയെന്ന് അർത്ഥം.

ഓഹരികളുടെ എണ്ണം ഏതാണ്ട് ഒൻപത് മടങ്ങ് വ‍ർദ്ധിച്ചപ്പോള്‍ അവയുടെ മൂല്യം പലമടങ്ങ് വ‍ർദ്ധിച്ചു. ഏതാണ്ട് 1.72 കോടി രൂപയായിരുന്നു പ്രിയ കണ്ടെടുക്കുമ്ബോള്‍ ഇവയുടെ മൂല്യം. എന്നാല്‍ ഇത്രയും ഓഹരികള്‍ ഉണ്ടെന്ന് അറിഞ്ഞതിനപ്പുറം അത് വീണ്ടെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഔദ്യോഗിക നടപടിക്രമങ്ങളും അതിന് പുറമെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കമ്ബനിയില്‍ നിന്ന് പൂർത്തിയാക്കേണ്ട നൂലാമാലകളുമൊക്കെയായി വളരെ വലിയൊരു പരിശ്രമം വേണ്ടി വരുമെന്ന് ബംഗളുരുവില്‍ താമസിക്കുകയായിരുന്ന പ്രിയക്ക് മനസിലായി. തുടർന്ന് ഇത്തരത്തില്‍ നഷ്ടമായ ഓഹരികള്‍ വീണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ഒരു പ്രൊഫഷണല്‍ ഏജൻസിയുടെ സഹായം തേടുകയായിരുന്നു.

ഓഹരികളുടെ എണ്ണം വലുതാണെങ്കിലും അവയുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രിയയുടെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി അന്വേഷണങ്ങളും പരിശോധനകളും വേണ്ടിവന്നു ഓഹരി രേഖകളുടെ പകർപ്പ് കിട്ടാൻ. മുത്തച്ഛന്റെ വില്‍പ്പത്രത്തിന്റെ സാധുത പരിശോധനയും അതിന്റെ ഔദ്യോഗിക നടപടിക്രമങ്ങളും വേറെ. ഇതിനൊക്കെ പുറമെ മുത്തച്ഛൻ ഓഹരി രേഖകളില്‍ നല്‍കിയിരുന്ന പേരും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിലും പേരും ചെറിയ തോതില്‍ വ്യത്യസ്തവുമായിരുന്നു. ഇത് സാധൂകരിക്കാനും അനവധി കടമ്ബകള്‍ പിന്നിട്ടു. 

ഓഹരികളുടെ മൂല്യം വളരെ ഉയ‍ർന്നതായിരുന്നതിനാല്‍ കമ്ബനി ആള്‍ ജാമ്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട ശേഷമാണ് ഓഹരി രേഖകളുടെ പകർപ്പ് നല്‍കിയതും. കമ്ബനി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനയും നടത്തി. ഒരു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രിയയ്ക്ക് ഓഹരി രേഖകള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് സ്വന്തം പേരില്‍ ലഭ്യമായിരിക്കുകയാണ് ഇപ്പോള്‍.



Post a Comment

വളരെ പുതിയ വളരെ പഴയ