അര്‍ജുനെ തിരിച്ചുകൊണ്ടുവരും, ശപഥമാണ്; അര്‍ജുന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് ഈശ്വര്‍ മാല്‍പെ

കോഴിക്കോട്
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. സാന്ത്വന സ്പര്‍ശവുമായിട്ടാണ് അര്‍ജുന്റെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് ധൈര്യപകരാനെത്തിതാണ്. എന്റെ മകനായി കണ്ട് അര്‍ജുനെ കണ്ടെത്തണമെന്ന് അമ്മ തന്നോട് ആവശ്യപ്പെട്ടു. പുഴയില്‍ ഒക്കെ ഇറങ്ങി പരിശോധിച്ചിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി കുടുംബത്തിന് കരുത്ത് പകരണേയെന്ന് പ്രാര്‍ത്ഥിച്ചുവെന്നും മാല്‍പെ വ്യക്തമാക്കി. തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ ആവശ്യമാണ്. അതില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. ഒരുപാട് മണ്ണ് അവിടെയുണ്ട്. ലോറി കണ്ടെത്താനാവുമെന്നാണ് വിശ്വാസം. ചില വസ്തുക്കള്‍ അവിടെ നിന്ന് കിട്ടിയത് ആശ്വാസമാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. 

90 ശതമാനത്തോളം ലോറിയുടെ അടുത്തെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇനി മണ്ണ് നീക്കാനുണ്ട്. 30-40 മീറ്റര്‍ കയര്‍ കെട്ടിയിട്ടുണ്ട്. ഡ്രെഡ്ജര്‍ വന്ന് മണ്ണ് നീക്കിയാല്‍ ഉറപ്പായും ലോറി കണ്ടെത്താനാവും. എല്ലാവരുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിടെ പരിശോധന നടത്താനാവൂ എന്നും മാല്‍പെ വ്യക്തമാക്കി.

ഈശ്വര്‍ മാല്‍പെ അര്‍ജുന്റെ അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്തു. മാല്‍പെയുടെ ടീമും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മാല്‍പെയോട് കുറച്ച് നേരം സംസാരിച്ച അര്‍ജുന്റെ അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയാണ് മാല്‍പെ അമ്മയെ സമാശ്വസിപ്പിച്ചത്.

അര്‍ജുന്റെ പിതാവുമായും മാല്‍പ്പെ സംസാരിച്ചു. എല്ലാവരുമായും സംസാരിച്ചുവെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാല്‍പ്പെ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലുള്ള എല്ലാവര്‍ക്ക് മുന്നിലും സ്‌നേഹത്തോടെ കുമ്പിടുകയാണ്. ഇരുപത് ദിവസത്തോളം ആ നദിയില്‍ തിരച്ചില്‍ നടത്തി. ഒരുപാട് ബുദ്ധിമുട്ട് അതിനുണ്ട്.

വ്യക്തികള്‍ക്കായി അവിടെ തിരച്ചിലിന് അനുമതി ലഭിക്കുക ബുദ്ധിമുട്ടാണ്. എട്ട് പേര്‍ അവിടെ തിരച്ചിലിനായി ഉണ്ട്. അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. ആ ലോറിയുമായി കയര്‍ കെട്ടിയിട്ടുണ്ട്. അതില്‍ ഇപ്പോള്‍ ഒരുപാട് മണ്ണും കല്ലുമെല്ലാം നിറഞ്ഞിട്ടുണ്ട്്. പതിനഞ്ച് മീറ്ററോളം മണ്ണുണ്ട്. അത് മാറ്റേണ്ടതുണ്ടെന്നും മാല്‍പെ പറഞ്ഞു.

എങ്ങനെ ഇതെല്ലാം നീക്കുമെന്ന കാര്യത്തില്‍ ചെറിയൊരു ആശയക്കുഴപ്പമുണ്ട്. ഡ്രഡ്ജിങ് മെഷീന്‍ അതിന് ആവശ്യമാണ്. 25 മീറ്റര്‍ താഴേക്ക് പോയി പരിശോധിച്ചിരുന്നു. പല തരത്തിലാണ് കയര്‍ കിടക്കുന്നത്. സംശയമുള്ള സ്ഥലത്ത് ഡ്രഡ്ജിങ് നടത്തും. എന്നാല്‍ എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.

അര്‍ജുന്റെ വീട്ടില്‍ അമ്മയടക്കമുള്ളവര്‍ കരയുകയാണ്. അത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഈ അമ്മയ്ക്ക് ഞാനൊരു വാക്കുകൊടുത്തിട്ടുണ്ട്. അര്‍ജുനെ ഞങ്ങള്‍ കൊണ്ടുവരും. ഒരു ചെറിയ ശരീരഭാഗമാണെങ്കിലും ഞങ്ങള്‍ ഈ വീട്ടിലെത്തിക്കും. ഇത് ശപഥമാണ്. എന്റെ ടീമില്‍ സ്‌കൂബാ ഡൈവര്‍മാര്‍ അടക്കം അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.


Post a Comment

വളരെ പുതിയ വളരെ പഴയ