നിഗൂഢമീ താരാപഥം; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ വിശ്വസിക്കരുത് -ജസ്റ്റിസ് ഹേമ

തിരുവനന്തപുരം
'ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനുമായി. എന്നാല്‍, നക്ഷത്രങ്ങള്‍ മിന്നിമറയുന്നില്ലെന്നും ചന്ദ്രൻ മനോഹരമായി കാണപ്പെടുന്നില്ലെന്നും ശാസ്ത്രം തെളിയിച്ചു.

അതുകൊണ്ട് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു: നിങ്ങള്‍ കാണുന്നതിനെ വിശ്വസിക്കരുത്, ഉപ്പ് പോലും കാണാൻ പഞ്ചസാര പോലെയാണ്!''- മല‍യാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ട് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടില്‍ ജസ്റ്റിസ് കെ. ഹേമ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

മലയാള സിനിമലോകം താരാരാധനയോടുകൂടി കണ്ട പ്രമുഖരില്‍ നിന്നുപോലും സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടേണ്ടിവന്നിരുന്നുവെന്ന് 299 പേജുള്ള റിപ്പോർട്ടില്‍ പലയിടങ്ങളിലും ജസ്റ്റിസ് ഹേമ പറഞ്ഞുപോകുന്നു. സ്വകാര്യത ചൂണ്ടിക്കാട്ടി 66 പേജുകള്‍ സർക്കാറും വിവരാവകാശ കമീഷനും ചേർന്ന് വെട്ടിയെങ്കിലും മായ്ക്കാൻ കഴിയാത്ത യാഥാർഥ്യങ്ങള്‍ 233 പേജുകളിലായി ഉണ്ട്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല, നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന് പലയിടങ്ങളിലും കമ്മിറ്റി ആവർത്തിക്കുന്നു.

മലയാള സിനിമമേഖലയെ നിയന്ത്രിക്കുന്ന മാഫിയ സംഘത്തിന് എതിരെ മൊഴിനല്‍കാൻപോലും പലരും ഭയന്നതായി റിപ്പോർട്ടില്‍ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകളില്‍ ഒരാളെപ്പോലും ആദ്യഘട്ടത്തില്‍ ലഭിച്ചില്ല. ഭയമായിരുന്നു ഇവർക്ക്. കമ്മിറ്റിക്ക് മുന്നില്‍ എന്തെങ്കിലും പറഞ്ഞാല്‍ തൊഴിലും ജീവൻതന്നെയും നഷ്ടമാകുമോയെന്ന പേടി. കമ്മിറ്റിക്ക് മുന്നില്‍ ആർക്കെതിരെയും ഒന്നും പറയരുതെന്ന് നർത്തകർക്ക് യൂനിയൻ നിർദേശം നല്‍കിയതായി കമ്മിറ്റി കണ്ടെത്തി. ഇവർക്കായി കമ്മിറ്റി രൂപവത്കരിച്ച വാട്സ്‌ആപ് ഗ്രൂപ്പുകളില്‍നിന്ന് പലരും ഒഴിഞ്ഞു. ഒടുവില്‍ രണ്ടുപേർ ഹാജരായി. തങ്ങള്‍ക്ക് സിനിമയില്‍ ഒരുപ്രശ്നവുമില്ലെന്നായിരുന്നു ഇവരുടെ മൊഴിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

അനീതിക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ ഡബ്ല്യു.സി.സി അംഗങ്ങളില്‍ ഭൂരിഭാഗം പേർക്കും തൊഴില്‍ നിഷേധിക്കപ്പെട്ടു. സ്ത്രീകള്‍ മാത്രമല്ല, താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത നടന്മാരെയും സിനിമ മേഖലയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. അവരുടെ ഭാവി നശിപ്പിച്ചു. സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് പഠനം പുരോഗമിക്കുംതോറും ഈ വ്യവസായത്തിന്‍റെ ഗ്ലാമർ വെറും ബാഹ്യമാണെന്നും അതിന്മേല്‍ ചുറ്റിത്തിരിയുന്നത് അനേകായിരം സ്ത്രീകളുടെ കഷ്ടപ്പാടുകളുടെയും സഹിഷ്ണുതയുടെയും നിരാശയുടെ കരയുന്ന കഥകളായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പരാതികള്‍ തീർപ്പാക്കുന്നതിനുമായി രൂപവത്കരിച്ച ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി (ഐ.സി.സി) മാഫിയ സംഘത്തിന്‍റെ പിടിയിലാണ്. ഐ.സി.സിയുടെ ചുമതലക്കാരെ നിയമിക്കുന്നത് ഈ മാഫിയയാണ്. ഇവിടെ എത്തുന്ന പരാതികള്‍ പലതും ക്രിമിനല്‍ സംഘത്തിന്‍റെ ചെവികളിലെത്തുമെന്നതിനാല്‍ ഇവർക്ക് മുന്നില്‍ പരാതി പറയാൻ സ്ത്രീകള്‍ പോകാറില്ല. അതിനാല്‍ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ജുഡീഷ്യല്‍ അധികാരമുള്ള ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്നും റിപ്പോർട്ടില്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

അഞ്ചുവർഷത്തില്‍ കുറയാതെ പ്രവൃത്തിപരിയമുള്ള വനിതാ ജഡ്ജിയെ ട്രൈബ്യൂണല്‍ അധ്യക്ഷയാക്കണം. ട്രൈബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ പരിഗണിക്കാൻ അധികാരം ഹൈകോടതി ഡിവിഷൻ ബഞ്ചിന് മാത്രമായിരിക്കണം. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകരമായ പ്രവൃത്തികള്‍ക്ക് വ്യത്യസ്ത സ്വഭാവമുള്ള സ്ഥിതിക്ക് വ്യത്യസ്തമായ ഒരു നിയമം ആവശ്യമാണെന്നും ആ നിയമത്തിന് "കേരള സിനി എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്‌ട്, 2020": എന്ന് പേര് നല്‍കണമെന്നും ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടു. നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകളും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി നിർദേശങ്ങളില്‍ ചിലത്

സ്ത്രീകള്‍ക്ക് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇ-ടോ‍യ്ലെറ്റ് സംവിധാനവും വസ്ത്രം മാറാൻ സൗകര്യവുമുണ്ടാക്കണം
ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് മതിയായ വേതനം ഉറപ്പാക്കണം. ഇതിനായി കരാർ വ്യവസ്ഥ ഉണ്ടാകണം
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായോ മറ്റു ജോലികളിലോ നിയമിക്കരുത്
ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം
വേതനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കണം
അസി.ഡയറക്ടർമാർക്ക് അവരുടെ പ്രവൃത്തി പരിചയം കണക്കാക്കി വേതനം നല്‍കണം.
സ്ത്രീകള്‍ക്കെതിരായ സൈബർ ആക്രണം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണം
സിനിമ ചിത്രീകരണത്തിനിടെ അപകടം സംഭവിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് സാമ്ബത്തിക സഹായം ഉറപ്പാക്കണം
സിനി ആർട്ടിസ്റ്റുകള്‍ക്കും ടെക്നിക്കല്‍ ആർട്ടിസ്റ്റുകള്‍ക്കുമായി വെല്‍ഫെയർ ഫണ്ട് രൂപവത്കരിക്കണം
35 വയസ്സിന് മുകളിലുള്ള ഹെയർ സ്റ്റൈലിസ്റ്റുകളെ ജോലിയില്‍ നിന്ന് മാറ്റിനിർത്തുന്നതിനെതിരെ നടപടി വേണം.
ലൈംഗിക ചൂഷണം തടയുന്നതിന് പുതിയൊരു നിയമം രൂപവത്കരിക്കണം
ഷൂട്ടിങ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കണം.
ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിയുടെയും മയക്കുമരുന്നിന്‍റെയും വ്യാപനം തടയണം.

Post a Comment

വളരെ പുതിയ വളരെ പഴയ