ഗാന്ധിയെ ചെറുതാക്കി, നെഹ്റു ചിത്രത്തിലേയില്ല -ജനം ടി.വിയുടെ സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമര്‍ശനം

കോഴിക്കോട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ജനം ടി.വി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ കാർഡിനെതിരെ വ്യാപക വിമർശനം.

ഗാന്ധിജിയുടെ ചിത്രം വളരെ ചെറുതാക്കി നല്‍കിയപ്പോള്‍ നെഹ്റുവിന്‍റെ ചിത്രം ഉള്‍പ്പെടുത്തുകയേ ചെയ്തിട്ടില്ല. എന്നാല്‍, ഹെഡ്ഗേവാറിന്‍റെയും സവർക്കറിന്‍റെ ചിത്രവും ഗാന്ധിജിയേക്കാള്‍ വലിപ്പത്തില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

'സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ്' എന്ന തലക്കെട്ടില്‍ ഇന്നലെയാണ് കാർഡ് പുറത്തുവിട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേർ പ്രതിഷേധക്കുറിപ്പ് എഴുതിയിട്ടുണ്ട്.

സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി. ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്: ഗാന്ധിയുടെ തലയ്ക്ക് മീതെ എട്ടിരട്ടി വലുപ്പത്തില്‍ കളറ് ഫോട്ടോയില്‍ക്കാണപ്പെടുന്ന തൊപ്പി വച്ച ആള്‍ അദ്ദേഹത്തിന്റെ ക്രൂര കൊലപാതകത്തിലെ പ്രതികളിലൊരാളായിരുന്നു. "സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ്" സ്വാതന്ത്ര്യം എന്ന വാചകം അദ്ദേഹത്തേ സംബന്ധിച്ച്‌ ഒരുകണക്കില്‍ ശരിയാണ്. കാരണം ജയിലില്‍ സഹിക്കാനൊന്നും നില്‍ക്കാതെ കാലുപിടിച്ചും മാപ്പെഴുതിയും വാങ്ങിയതാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. വലതുവശത്ത് മധ്യത്തിലായി സമാനമായ തൊപ്പി വച്ച ഒരു വെള്ള മീശക്കാരൻ ഉണ്ട്. Don't waste your energy fighting the British അഥവാ ബ്രിട്ടീഷുകാരോട് സമരം ചെയ്ത് ചുമ്മാ ഊർജ്ജം പാഴാക്കരുത് എന്നായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആഹ്വാനം.

അതേസമയം, മഹാത്മ ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടി.വി പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കി. ജനം ടി.വി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രവും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ജനം ടിവിക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധർമ്മൻ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ