കേരള ബാങ്ക് വായ്പ എഴുതിത്തള്ളൽ ; ചൂരൽമല ബ്രാഞ്ചിൽ 6.63 കോടിയുടെ വായ്പ

കല്‍പ്പറ്റ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ സർവം നഷ്ടമായവരുടെ വായ്പകള്‍ എഴുതിത്തള്ളിയ കേരള ബാങ്ക് തീരുമാനം മാതൃകാപരം.

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിനും ഈട് നല്‍കിയ വീടും വസ്തുവും നഷ്ടമായവർക്കും സഹായം ലഭിക്കും. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുത്തുമല പ്രദേശവാസികളായ 213 വായ്പക്കാരാണ് ബാങ്ക് ബ്രാഞ്ചിലുള്ളത്. 6.63 കോടി രൂപയാണ് വായ്പ നല്‍കിയത്. നാന്നൂറിലധികം സ്വർണ വായ്പകളുമുണ്ട്. ചൂരല്‍മല ബ്രാഞ്ചിലെ വായ്പക്കാരായ ഒമ്ബതുപേരുടെ മൃതദേഹം ഇതിനകം ലഭിച്ചു. 15 പേർ കാണാതായ പട്ടികയിലുണ്ട്. ക്യാമ്ബിലുള്ളവരുടെ കണക്കുകളും ശേഖരിക്കുകയാണ്.

തൊഴിലാളികളും ചെറുകിട കർഷകരും വ്യാപാരികളുമാണ് ഇടപാടുകാരില്‍ കൂടുതല്‍. തോട്ടം മേഖല ആയതിനാല്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചാണ് വായ്പ നല്‍കിയത്. വ്യാപാരികള്‍ക്കും പ്രത്യേകം വായ്പ നല്‍കി. ഉരുള്‍പൊട്ടലില്‍ ബാങ്കിന് കാര്യമായ നാശമുണ്ടായില്ല. പിറ്റേദിവസം തന്നെ മേപ്പാടി ബ്രാഞ്ച് കെട്ടിടത്തിലേക്ക് ചൂരല്‍മല ബ്രാഞ്ചിന്റെ പ്രവർത്തനം മാറ്റി. ദുരന്തബാധിതരെ മേപ്പാടിയിലെ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയതിനാല്‍ മേപ്പാടിയില്‍നിന്ന് ഇടപാട് നടത്താനുമായി. ഇടപാടുകള്‍ ഡിജിറ്റലായതിനാല്‍ പാസ് ബുക്ക് ഇല്ലാത്ത പ്രശ്നവും ബാധിച്ചില്ല. നടപടിക്രമം ലളിതമാക്കിയും ദുരന്തബാധിതരെ സഹായിച്ചു.

ഗ്രാമീണ്‍ ബാങ്ക് 
വായ്പകളില്‍ തീരുമാനമായില്ല
കേരള ബാങ്ക് കൂടാതെ ചൂരല്‍മലയില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയുമുണ്ടായിരുന്നു.ആയിരത്തോളം ഇടപാടുകാരാണുള്ളത്. 16 കോടിയോളം വായ്പ നല്‍കിയിട്ടുണ്ട്.മരിച്ചവരും കാണാതായവരും വായ്പക്കാരില്‍ ഉള്‍പ്പെടും.വായ്പയ്ക്ക് ഈടായി നല്‍കിയ വീടുകളും സ്ഥാപനങ്ങളും സ്ഥലവും നഷ്ടമായവരുമുണ്ട്. ഉരുള്‍പൊട്ടലിനെ തുടർന്ന് ഈ ശാഖ താല്‍ക്കാലികമായി കല്‍പ്പറ്റയിലേക്ക് മാറ്റി. വിവരം ശേഖരിച്ചുവരികയാണെന്നും തുടർനടപടിയില്‍ തീരുമാനമായിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

എന്നാല്‍ ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ കുടുംബങ്ങളുടെയും വായ്പകള്‍ക്ക് മൊറൊട്ടോറിയം അനുവദിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ കണക്ക് പ്രകാരം 22 കോടിയോളം രൂപ ദുരന്തബാധിതരായ വായ്പക്കാർ തിരിച്ചടയ്ക്കാനുണ്ട്.

വായ്പ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകളും
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവ്വതും നഷ്ടമായവരുടെ വായ്പകള്‍ എഴുതിത്തള്ളാൻ വാണിജ്യ ബാങ്കുകളും. സംസ്ഥാന സർക്കാരും സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ (എസ്‌എല്‍ബിസി) വയനാട് ജില്ലാതല സമിതിയും ദുരന്തബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണമെന്ന് നിർദേശിക്കുകയും ബാങ്ക് അധികൃതർക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു.

എസ്‌എല്‍ബിസിയുടെ അടുത്തദിവസം ചേരുന്ന പ്രത്യേകയോഗത്തിനുശേഷം എഴുതിത്തള്ളല്‍ സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കും. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാൻ കഴിഞ്ഞദിവസം കേരള ബാങ്ക് തീരുമാനിച്ചിരുന്നു. ചൂരല്‍മലയില്‍ കേരള ബാങ്കിന്റെയും കേരള ഗ്രാമീണ്‍ ബാങ്കിന്റെയും ശാഖകള്‍ മാത്രമാണുള്ളത്. ഗ്രാമീണ്‍ ബാങ്ക് 16 കോടി രൂപയും കേരള ബാങ്ക് 50 ലക്ഷം രൂപയുമാണ് ഈ ബ്രാഞ്ചുകളില്‍നിന്നും ആകെ വായ്പ നല്‍കിയിട്ടുള്ളത്. ഇതില്‍ നല്ലൊരു ശതമാനം ദുരന്തംബാധിച്ച പ്രദേശത്തുള്ളവർ എടുത്തതാണെന്നും കണക്കാക്കുന്നു. അതേസമയം മേപ്പാടി കല്‍പ്പറ്റ ഭാഗങ്ങളിലുള്ള വിവിധ ബാങ്കുകളുടെ ശാഖകളില്‍നിന്നും വായ്പയെടുത്തവരും ദുരന്തപ്രദേശത്തുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ബാങ്കേഴ്സ് സമിതിയുടെ ജില്ലാതല യോഗം നിർദേശം സമർപ്പിച്ചിട്ടുള്ളത്.

Post a Comment

വളരെ പുതിയ വളരെ പഴയ