എത്രയും പെട്ടെന്ന് അവളെ സ്വതന്ത്രയാക്കി നാട്ടിലെത്തിക്കാൻ കഴിയണേ എന്ന പ്രാര്‍ഥനയിലാണ് ഞാൻ'' -നിമിഷപ്രിയയുടെ മോചനത്തിനായി യമനില്‍ കഴിയുകയാണ് അമ്മ പ്രേമകുമാരി
വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത നിമിഷങ്ങളെന്നു നാം പറയാറില്ലേ? അത്തരമൊരു നിമിഷത്തിലായിരുന്നു ആ പുനഃസമാഗമം.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം സ്വന്തം അമ്മ പ്രേമകുമാരി കണ്ടുമുട്ടിയ നേരം.
മകളുടെ മോചനത്തിനായി തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാൻ ഏറെ കഠിനതകളും ദുർഘടപാതകളും താണ്ടി ആ മാതാവ് യമനിലെത്തിയിരിക്കുകയാണ്.
നിമിഷപ്രിയയുടെ മോചനത്തിനായി രൂപവത്കരിച്ച 'സേവ് നിമിഷപ്രിയ ഇന്‍റർനാഷനല്‍ ആക്ഷൻ കൗണ്‍സിലി'ന്‍റെ സഹായത്തോടെ മകളെ തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങള്‍ യമനിലിരുന്നും തുടരുകയാണവർ.
മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 20നായിരുന്നു പ്രേമകുമാരി മകള്‍ക്കായി യമനിലേക്ക് തിരിച്ചത്. സാമൂഹിക പ്രവർത്തകൻ സാമുവല്‍ ജെറോമിനൊപ്പമാണ് അമ്മയുടെ യാത്രയും തുടർ നടപടികളുമെല്ലാം.
സൻആയിലെ ജയിലിനു മുന്നില്‍ മകളെ കാണുന്നതിന് തൊട്ടുമുമ്ബ് സാമുവല്‍ ജെറോമിനും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കുമൊപ്പം പ്രേമകുമാരി
നിമിഷപ്രിയക്ക് സംഭവിച്ചത്...
2012ലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയക്ക് യമനില്‍ നഴ്സായി ജോലി ലഭിച്ചത്. നിമിഷക്കൊപ്പം പോയ തൊടുപുഴ സ്വദേശിയായ ഭർത്താവ് ടോമി യമനില്‍ സ്വകാര്യ സ്ഥാപനത്തിലും ജോലിയാരംഭിച്ചു. അവർക്കൊരു മകളും പിറന്നു, മിഷേല്‍.
ഇതിനിടെ യമനി പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയപ്പെട്ട് അവിടെ ഇരുവരും ചേർന്ന് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി നിമിഷയും ഭർത്താവുംകൂടി അരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. കൂടുതല്‍ തുക ആവശ്യമുള്ളതിനാല്‍ അത് കണ്ടെത്താൻ ഭർത്താവ് കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്നു. ഇതിനിടെ, 2015ല്‍ യമൻ-സൗദി അറേബ്യ യുദ്ധം ആരംഭിക്കുകയും ടോമി തിരിച്ചുമടങ്ങാനാവാതെ നാട്ടില്‍തന്നെ കുടുങ്ങുകയുമായിരുന്നു.
യമനില്‍ ഒറ്റപ്പെട്ട നിമിഷപ്രിയയെ യമനി പൗരൻ പലരീതിയില്‍ ഉപദ്രവിക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും സ്ഥാപനത്തിലെ വരുമാനവും നിമിഷയുടെ സ്വർണവുമെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇതിനൊപ്പം നിമിഷയെ വിവാഹം കഴിച്ചതായി രേഖകളുണ്ടാക്കി.
രണ്ടര വർഷത്തോളം ശാരീരികവും മാനസികവുമായ പലതരം യാതനകളിലൂടെ കടന്നുപോയ യുവതി 2017ല്‍ പലരുടെയും ഉപദേശ, നിർദേശ പ്രകാരം അയാളെ ഉറക്കിക്കിടത്താനായി മയക്കുമരുന്ന് കുത്തിവെച്ചു. അയാള്‍ മയങ്ങിക്കിടക്കുമ്ബോള്‍ പാസ്പോർട്ടുമെടുത്ത് രക്ഷപ്പെടാമെന്നായിരുന്നു പ്ലാൻ. ഇതിനായി സഹപ്രവർത്തകയും ഒപ്പം നിന്നു. എന്നാല്‍, ഉറങ്ങാനായി കുത്തിവെച്ച മയക്കുമരുന്ന് യമനിയുടെ ജീവനെടുത്തത് നിമിഷപ്രിയ അറിഞ്ഞില്ല.
യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ തലാല്‍ ഉണരുംമുമ്ബേ രക്ഷപ്പെടുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയോടുകയായിരുന്നു നിമിഷയും സഹപ്രവർത്തകയും. എന്നാല്‍, വൈകാതെ യമൻ അതിർത്തി ഗ്രാമത്തില്‍വെച്ച് അധികൃതരുടെ പിടിയിലായി. നിയമനടപടികള്‍ക്കൊടുവില്‍ നിമിഷയെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.
നിയമ സഹായംപോലും ലഭിക്കാതെ
പിടിക്കപ്പെട്ടതിനു പിന്നാലെ പുറംലോകവുമായി ബന്ധപ്പെടാനോ കൃത്യമായ നിയമസഹായം തേടാനോപോലും നിമിഷപ്രിയക്കു സാധിച്ചിരുന്നില്ല. ദ്വിഭാഷിയെ അനുവദിക്കാത്തതിനാല്‍ നടന്നത് കോടതിയില്‍ പറയാൻപോലും സാധിക്കാത്ത സാഹചര്യമായിരുന്നു.
പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ചു എന്നതിനാലും തന്‍റെ നിരപരാധിത്വം തെളിവുസഹിതം അപ്പീല്‍ കോടതിയെ ബോധ്യപ്പെടുത്താനാവാത്തതിനാലുമാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടതെന്ന് ആക്ഷൻ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. 2022 മാർച്ച് എട്ടിനായിരുന്നു യമനിലെ സുപ്രീംകോടതി വിധി.
പുറംലോകവുമായി ബന്ധമില്ലാതെ യമനിലെ സൻആയില്‍ ജയിലില്‍ കിടക്കുകയായിരുന്ന തനിക്കെതിരെ പ്രചരിക്കുന്ന തെറ്റിദ്ധാരണജനകമായ വാർത്തകള്‍പോലും അറിയാത്ത സ്ഥിതിയിലായിരുന്നു അന്ന് നിമിഷപ്രിയ. ദയാഹരജി സുപ്രീംകോടതി തള്ളിയ വിവരംപോലും അറിയാത്ത സാഹചര്യത്തിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. 2023 നവംബറിലാണ് നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയത്.
പ്രസിഡന്‍റിന്‍റെ കനിവില്‍ പ്രതീക്ഷ കൈവിടാതെ
ശിക്ഷാവിധിയുമായി ബന്ധപ്പെട്ട ഫയല്‍ യമൻ പ്രസിഡന്‍റിന്‍റെ പരിഗണനയിലാണ്. വലിയ പരിശ്രമങ്ങള്‍ക്കും സമ്മർദങ്ങള്‍ക്കുമൊടുവില്‍ ഈ ഫയല്‍ പരിഗണിക്കുന്നത് നീട്ടിവെക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
മോചനത്തിനുവേണ്ട സകല സാധ്യതകളും ഉപയോഗിക്കാനും പരിശ്രമങ്ങള്‍ നടത്താനുമുള്ള സമയം അവിടത്തെ ഭരണകൂടം അനുവദിക്കുന്നുണ്ട് എന്നതാണ് ഇവർക്ക് ആശ്വാസം നല്‍കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ