"150 ഏക്കര്‍ മതിയോ..?, മതിയായ സ്ഥലം തരട്ടെ, എയിംസ് വരും.. വന്നിരിക്കും" -ബജറ്റില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി
മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണത്തോട് ഒടുവില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.

"കേരളത്തില്‍ ചെറുപ്പക്കാരില്ലേ, കേരളത്തില്‍ ഫിഷറീസില്ലെ, കേരളത്തില്‍ സത്രീകളില്ലേ, തൊഴിവസരങ്ങള്‍ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങള്‍ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ, പ്രതിപക്ഷം ആരോപിച്ചോട്ടെ" എന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. 

കേരളം ദീർഘകാലമായി മുറവിളിക്കൂട്ടുന്ന എയിംസിനെ ഈ ബജറ്റിലും തടഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "എയിംസ് വരും, വന്നിരിക്കും, പക്ഷേ കേരള സർക്കാർ കൃത്യമായി സ്ഥലം തരണം" എന്നായിരുന്നു മറുപടി. കോഴിക്കോട് കിനാലൂരില്‍ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തരോട് "അത് മതിയോ" എന്ന മറുചോദ്യം ചോദിച്ച്‌ മന്ത്രി മടങ്ങി. 

നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ മന്ത്രി സുരേഷ്ഗോപി തയാറായിരുന്നില്ല. ബജറ്റിന് മുൻപ് എയിംസ് വരുമോ എന്ന ചോദ്യത്തിന്, ബജറ്റ് വരട്ടെ, ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്. എന്നാല്‍ ബജറ്റില്‍ എയിംസ് തഴയപ്പെട്ടതോടെ പ്രതിരോധത്തിലായ മന്ത്രി മലക്കം മറിയുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ