തമിഴ്നാടിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെ, തെറ്റും ശരിയും തിരിച്ചറിയണം- വിജയ്

തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമർശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവർ ഈ രംഗത്തേക്ക് കടന്നുവരണമെന്നും വിജയ് പറഞ്ഞു.

10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാൻ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. രാഷ്ട്രീയത്തെ മാത്രമല്ല താൻ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു. പുരസ്കാര സമർപ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം വേദിയിലേക്കു കയറാതെ സദസ്സിലെ ദലിത് വിദ്യാർഥികള്‍ക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ വിജയിനെ എല്ലാവരും കയ്യടികളോടെ സ്വീകരിച്ചു. 

നിങ്ങള്‍ക്ക് എവിടെ വിജയിക്കാൻ സാധിക്കുമോ ആ മേഖലയിലേക്ക് കടന്നുവരിക. നമുക്ക് വേണ്ടത് നല്ല ഡോക്ടർമാരെയും എൻജിനീയർമാരെയും മാത്രമല്ല. നല്ല നേതാക്കളെ കൂടിയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. നാട്ടിലെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാർട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാവുക. 

വിദ്യാർത്ഥികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ച വിജയ് താത്കാലിക സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് പറഞ്ഞു. തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വർഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. എന്നാല്‍ അതിന് തൊട്ടുപിന്നാലെ വിജയ് ആരാധകരെ ഞെട്ടിച്ച്‌ ഒരു കാര്യം കൂടി തുറന്നു പറഞ്ഞു. അഭിനയം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നുവെന്ന്. കരാർ ഒപ്പിട്ട ചിത്രങ്ങള്‍ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റിവയ്ക്കും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. കരിയറിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുന്ന സമയത്താണ് വിജയ് ഈ നിർണായ തീരുമാനമെടുത്തത്.

'എന്നെ സംബന്ധിച്ച്‌ രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുൻഗാമികളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തില്‍ മുഴുകും', ഇതായിരുന്നു വിജയ് പറഞ്ഞ വാക്കുകള്‍.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിലാണ് വിജയ് ഒടുവില്‍ അഭിനയിച്ചത്. സെപ്തംബർ 5 ന് ചിത്രം റിലീസ് ചെയ്യും. തൊട്ടടുത്ത ചിത്രം എച്ച്‌. വിനോദ് സംവിധാനം ചെയ്യുമെന്നാണ് അഭ്യൂഹങ്ങള്‍. അതോടെ താരം അഭിനയ ജീവിതത്തിന് വിരാമമിടും.

Post a Comment

വളരെ പുതിയ വളരെ പഴയ