തൃശൂര്‍: പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കാനും ജനകീയമാക്കാനുമായി മാസ്റ്റര്‍ പ്ലാൻ തയാറാക്കുമെന്നു മന്ത്രി കെ.രാജൻ. പുലിക്കളി മത്സരത്തിനു മുന്നോടിയായി പുലിമടകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കോര്‍പറേഷൻ, വിവിധ പുലിക്കളി സംഘങ്ങള്‍ എന്നിവയുമായി ചര്‍ച്ച ചെയ്തശേഷം മാസ്റ്റര്‍ പ്ലാൻ തയാറാക്കും.
പുലിക്കളി സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കൂടുതല്‍ കലാകാരൻമാരെ പുലിക്കളിയിലേക്ക് ആകര്‍ഷിക്കുക, വൈവിധ്യങ്ങള്‍ക്കുള്ള സാധ്യതകള്‍ പരിശോധിക്കുക, കൂടുതല്‍ ജനകീയമാക്കുക എന്നിവ മുൻനിര്‍ത്തിയാണു മാസ്റ്റര്‍ പ്ലാൻ തയാറാക്കുക.
പുലിക്കളിയെ ഫോക്‌ലോര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും. അടുത്ത വര്‍ഷം കൂടുതല്‍ സാമ്ബത്തിക സഹായവും സൗകര്യവും ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അയ്യന്തോള്‍, കനാട്ടുകര, പൂങ്കുന്നം, വിയ്യൂര്‍, ശക്തൻ പുലിമടകളാണു മന്ത്രി സന്ദര്‍ശിച്ചത്. മേയര്‍ എം.കെ. വര്‍ഗീസ്, പി. ബാലചന്ദ്രൻ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ