ഭോപ്പാല്‍: രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും റോഡിലൂടെ നടത്തുകയും ചെയ്തതായി പരാതി. പ്രതാപ്ഗഢ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
21 കാരിയായ യുവതിയെ ഭര്‍ത്താവ് നഗ്നയാക്കി വീടിന് പുറത്തെ വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. യുവതി സഹായം ആവശ്യപ്പെട്ട് അലറുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പ്രതിയുടെ ക്രൂരതയെന്ന് പൊലീസ് പറയുന്നു. വിവാഹിതയായിട്ടും മറ്റൊരു പുരുഷനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയെ ഭര്‍തൃവീട്ടുകാര്‍ തട്ടിക്കൊണ്ടുവന്ന് ഗ്രാമത്തില്‍ എത്തിച്ച് മര്‍ദിക്കുകയും നഗ്‌നയാക്കി പരേഡ് നടത്തുകയും ചെയ്യുകയായിരുന്നെന്ന് രാജസ്ഥാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറയുന്നു.
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ അന്വേഷണം നടത്തുന്നതിനായി ആറംഗ സംഘം രൂപീകരിച്ചു.
അതേസമയം സംഭവത്തില്‍ സര്‍ക്കാരിനേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി അശോക് ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി എംപി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കമെന്നാണ് വിലയിരുത്തല്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ