സാന്ദ്രാ ഡേവിസിനു സ്വീകരണം നല്‍കി


നെടുമ്പാശേരി: ബര്‍മിംഗ്ഹാമില്‍ നടന്ന ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം സാന്ദ്രാ ഡേവിസിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികളാണു സ്വീകരണമൊരുക്കിയത്. 

ചെയര്‍മാന്‍ രജനീഷ് ഹെൻട്രി, ട്രഷറര്‍ പി. സന്തോഷ്, പ്രശാന്ത് സുബ്രഹ്‌മണ്യന്‍, തോമസ് ഏബ്രഹാം, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ സ്വീകരിക്കാനെത്തി. സാന്ദ്രായുടെ മാതാപിതാക്കളും എത്തിയിരുന്നു. 

ഫൈനലില്‍ ഓസ്‌ട്രേലിയയെ ഒന്പതു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ജേതാക്കളായത്. ഫൈനലില്‍ സാന്ദ്ര ഡേവിസ് രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച പ്രകടനമാണു നടത്തിയത്. 

തൃശൂര്‍ പൂക്കോട് സ്വദേശിയായ സാന്ദ്രാ, ഒറ്റപ്പാലം എന്‍എസ്‌എസ് കോളജില്‍ ബിഎഡ് വിദ്യാര്‍ഥിയാണ്. ഈ വിജയത്തെ തന്‍റെ ജീവിതത്തിലെ വലിയ അഭിമാനകരമായ നേട്ടമായാണു കാണുന്നതെന്നു സാന്ദ്രാ ഡേവിസ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ