തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചില ഇടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതായും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശബരിമല വനമേഖലയില്‍ കനത്ത മഴയാണ് ഇന്നലെ രാത്രിയില്‍ പെയ്തത്. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു . മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. പമ്ബ ത്രിവേണിയില്‍ പമ്ബാനദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെൻറീമീറ്റര്‍ വീതം ഉയര്‍ത്തിയത്. പിന്നീട് രണ്ട് ഷട്ടറുകള്‍ താഴ്ത്തി .ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ആങ്ങമൂഴി, സീതത്തോട് എന്നീ പ്രദേശങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കക്കാട്ടാറിന്റെ ഇരുവശങ്ങളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ളഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചില്‍ മൂലം ഗവിയിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആങ്ങമൂഴിയില്‍ നിന്ന് ഗവിയിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ