പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണ് ഇന്ന്; സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് ജെയ്ക് സി. തോമസ്

കോട്ടയം: പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണിന്നെന്ന് ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ക്കോ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല.

പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താൻ പങ്കുവെച്ചത്. വികസന ചര്‍ച്ചക്കും സ്നേഹ സംവാദത്തിനുമായി താനാണ് യു.ഡി.എഫിനെ ക്ഷണിച്ചത്. പക്ഷെ ചര്‍ച്ചയില്‍ നിന്ന് യു.ഡി.എഫ് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്നും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നും ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി നിയസഭ മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് പൂര്‍ത്തിയാകും. 

യുവാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലത്തില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്ന് വിധിയെഴുതും. ഈ മാസം എട്ടിന് വോട്ടെണ്ണല്‍.

Post a Comment

വളരെ പുതിയ വളരെ പഴയ