'നമുക്ക് ഇന്ത്യയെ രക്ഷിക്കണം..'; കേന്ദ്രത്തിന്റെ ദ്രോഹങ്ങള്‍ എണ്ണിപ്പറഞ്ഞ് പുതിയ ക്യാംപെയ്‌നുമായി സ്റ്റാലിന്‍


ചെന്നൈ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ വ്യത്യസ്ത ക്യാംപെയ്‌നുമായി ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. സ്പീക്കിംഗ് ഫോര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്റ്റാലിന്‍ പോഡ്കാസ്റ്റ് വീഡിയോയില്‍ എത്തുന്നത്. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയെ വരും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊണ്ടാണ് എം കെ സ്റ്റാലിന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. 2014 ല്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇന്ത്യയുടെ അടിത്തറയെ തന്നെ നശിപ്പിക്കാനാണ് ബി ജെ പി ശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്നും സ്റ്റാലിന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍...

'തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയില്‍, ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഡി എം കെയുടെ നേതാവെന്ന നിലയില്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍ നിങ്ങളിലൊരുവനായി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് ഈ പോഡ്കാസ്റ്റ് പരമ്പരയുടെ ഉദ്ദേശ്യം. ഓരോരുത്തരും ഇന്ത്യയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലാണ് നാം ഇന്നുള്ളത്.

കാലാകാലങ്ങളായി ഇന്ത്യന്‍ ജനത ഒട്ടാകെ നെഞ്ചിലേറ്റി സംരക്ഷിക്കുന്ന ഐക്യബോധം എന്ന തത്വത്തെ ഛിന്നഭിന്നമാക്കി ഇന്ത്യയുടെ അടിത്തറയെ തന്നെ നശിപ്പിക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. 2014 ല്‍ അധികാരത്തിലെത്തിയ ഭാരതീയ ജനതാപാര്‍ട്ടി തിരഞ്ഞെടുപ്പിന് മുന്‍പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.
വിദേശത്തുള്ള കള്ളപ്പണം വീണ്ടെടുത്ത് ഒരാള്‍ക്ക് 15 ലക്ഷം വീതം നല്‍കും, പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, സ്വന്തമായി വീടില്ലാത്ത ആളുകള്‍ ഉണ്ടാകില്ല, ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറും, അങ്ങനെ എന്തൊക്കെ വ്യാജ വാഗ്ദാനങ്ങള്‍. പത്ത് വര്‍ഷമാകാന്‍ പോകുന്നു. എന്നാല്‍ ഒരു വാഗ്ദാനവും പാലിക്കാന്‍ പോകുന്നില്ല.
ഗുജറാത്ത് മോഡല്‍ എന്ന് കള്ളം പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്ര മോദി മോഡല്‍ ഇപ്പോള്‍ എന്ത് മോഡലാണെന്ന് പോലും അറിയാതെ അവസാനിക്കാന്‍ പോകുന്നു. സ്ഥിതി വിവരക്കണക്കുകളോടെ തമിഴ്‌നാട്ടില്‍ ദ്രാവിഡ മോഡല്‍ കണക്കുകള്‍ നമ്മള്‍ അക്കമിട്ട് നിരത്തുമ്പോള്‍ അറിയാതെ പോലും അവരാരും ഗുജറാത്ത് മോഡലിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നു പോലുമില്ല. ഇതൊരു വശം മാത്രം.

Post a Comment

വളരെ പുതിയ വളരെ പഴയ