ദുരിതകാലത്തിന് വിട; പി ആൻഡ് ടി കോളനിക്കാര്‍ ഇനി ഫ്ലാറ്റില്‍

കൊച്ചി: നന്നായൊന്ന് മഴ പെയ്താല്‍ വെള്ളപ്പൊക്കത്തെ പേടിച്ച്‌ കഴിയേണ്ടി വരുന്ന അവസ്ഥയില്‍നിന്ന് കൊച്ചി നഗരത്തിലെ പി ആൻഡ് ടി കോളനിക്കാര്‍ക്ക് മോചനം.

ഇവരുടെ പുനരധിവാസത്തിന് ജി.സി.ഡി.എയും ലൈഫ് മിഷനും ചേര്‍ന്ന് തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിച്ച ഭവനപദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.

മുണ്ടംവേലിയിലെ ജി.സി.ഡി.എയുടെ 70 സെന്‍റ് ഭൂമിയില്‍ 14.61 കോടി രൂപ ചെലവിട്ടാണ് ഫ്ലാറ്റ് സമുച്ചയം പണിതത്. പി ആൻഡ് ടി കോളനിയിലുള്ള 83 കുടുംബങ്ങള്‍ക്കുവേണ്ടി 83 യൂനിറ്റുകളാണ് ഫ്ലാറ്റിലൊരുക്കിയിട്ടുള്ളതെന്ന് ജി.സി.ഡി.എ ചെയര്‍മാൻ കെ. ചന്ദ്രൻപിള്ളയും കോര്‍പറേഷൻ മേയര്‍ എം. അനില്‍കുമാറും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

സഫലമാകുന്നത് ഏറെക്കാലത്തെ സ്വപ്നം 

വര്‍ഷങ്ങളായി വെള്ളക്കെട്ടും ദുരിതവും പേറി ജീവിക്കുന്ന പി ആൻഡ്‌ ടി കോളനിവാസികള്‍ക്ക്‌ സ്വന്തമായി സുരക്ഷിതഭവനമെന്ന ദീര്‍ഘകാലസ്വപ്‌നമാണ്‌ യാഥാര്‍ഥ്യമാകുന്നത്‌. തേവര-പേരണ്ടൂര്‍ കനാലില്‍നിന്ന് കവിഞ്ഞൊഴുകുന്ന അഴുക്കുവെള്ളക്കെട്ടിലായിരുന്നു മഴക്കാലത്ത് കോളനിയിലെ നൂറുകണക്കിനാളുകള്‍ ജീവിച്ചിരുന്നത്. 

പി.എം.എ.വൈ ഫണ്ടായ 1.23 കോടി, സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് മിഷൻ ഫണ്ടായ 9.03 കോടി, സി.എസ്.എം.എല്‍ ഫണ്ടായ 4.86 കോടി എന്നിങ്ങനെയാണ് പദ്ധതിക്കായി ചെലവഴിച്ച തുക. 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഭവനപദ്ധതിക്ക് കല്ലിട്ടത്‌. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്‌ട്‌ കോഓപറേറ്റിവ്‌ സൊസൈറ്റി (ടി.ഡി.എല്‍.സി.സി.എസ്‌) ആണ് നിര്‍മാണം നടത്തിയത്‌. പ്രീ ഫാബ് എൻജിനീയറിങ് സാങ്കേതികവിദ്യയില്‍ നാലു നിലയിലായി ഒരുക്കിയ രണ്ട് ബ്ലോക്കാണ് ഭവനസമുച്ചയത്തിലുള്ളത്. 

രണ്ട് കിടപ്പുമുറി, ഡൈനിങ് റൂം, അടുക്കള, ഒരു ശുചിമുറി എന്നിവയുള്ള ഓരോ അപ്പാര്‍ട്ട്മെന്‍റിനും 374 ചതുരശ്രയടിയാണ്‌ വിസ്‌തീര്‍ണം. ഒരു വിശ്രമ-വിനോദമുറി, ഡേ കെയര്‍ സെന്‍റര്‍, അഡ്മിനിസ്ട്രേഷൻ റൂം, റീഡിങ്‌ റൂം, മഴവെള്ള സംഭരണി, കുടിവെള്ള സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവ പൊതുവായി ഉണ്ടാകും. പുനരധിവസിപ്പിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക നേരത്തേ കോര്‍പറേഷൻ തയാറാക്കിയിട്ടുണ്ടെന്ന്‌ മേയര്‍ വ്യക്തമാക്കി. കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കോളനിക്കാരെ മാറ്റിപ്പാര്‍പ്പിച്ചശേഷം പി ആൻഡ് ടി കോളനി പ്രദേശം ഇടിച്ചുനിരത്തി സംരക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

രണ്ടാഴ്ചക്കുള്ളില്‍ മാറ്റിപ്പാര്‍പ്പിക്കും

ഭവനസമുച്ചയങ്ങളുടെ ഉദ്‌ഘാടനം ശനിയാഴ്ച രാവിലെ 11ന് ഫ്ലാറ്റുകളുടെ സമീപത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷ്‌ നിര്‍വഹിക്കും. മന്ത്രി പി. രാജീവ്‌ മുഖ്യാതിഥിയാകും. കെ.ജെ. മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ എം. അനില്‍കുമാര്‍ താക്കോല്‍ കൈമാറും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ താക്കോല്‍ കൈമാറ്റം നടക്കുമെങ്കിലും രണ്ടാഴ്ചക്കുള്ളിലാണ് കോളനിക്കാരെ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുക. കുടിവെള്ള കണക്ഷൻ, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ