കൊച്ചി: ഏറെക്കാലമായി കാത്തിരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണം ട്രാക്കിലേക്ക്. ഫേസ് ടു പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടത്തിനായി ടെണ്ടര്‍ വിളിച്ചു.
20 മാസം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്റെ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ് രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനായുള്ള ബാങ്ക് വായ്പ നല്‍കും.
1016 കോടി രൂപയാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ് വായ്പ അനുവദിക്കുക. ബാങ്ക് അധികൃതര്‍ പരിശോധനയ്ക്കായി അടുത്തയാഴ്ച കൊച്ചിയിലെത്തും. നിര്‍മാണ കരാര്‍ നവംബറില്‍ നല്‍കുമെന്നും കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്റ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 20 മാസം കൊണ്ട് പാലം നിര്‍മ്മാണത്തിന് സമാന്തരമായി ഇലക്‌ട്രിക് ജോലികള്‍ പൂര്‍ത്തിയാക്കാനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട്. ഒരേ സമയം പല സ്ഥലത്ത് നിര്‍മാണം നടത്തും. ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണെന്നും ബെഹ്റ പറഞ്ഞു.
രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മെട്രോ ടിക്കറ്റ് പൂര്‍ണമായും ഡിജിറ്റല്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്സ്യല്‍ സ്പേസും , പാര്‍ക്കിങ് സ്ഥലവും ഒന്നാം ഘട്ടത്തിലേതിലും കുറവായിരിക്കുമെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഡിസംബറില്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ