മുഴങ്ങും മുഴപ്പിലങ്ങാടിനി സ്മാഷുകളുടെ കളിയാരവങ്ങൾ

ആധുനിക ഇൻഡോർ കോർട്ട് പത്തിന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും 

മുഴപ്പിലങ്ങാട്
കരുത്തുറ്റ സ്മാഷുകൾക്ക് സാക്ഷിയാവാൻ മുഴപ്പിലങ്ങാട് ഒരുങ്ങി. കണ്ണിമ ചിമ്മാതെ കാണികൾക്ക് ആവേശത്തിന്റെ നയന വസന്തം സൃഷ്ടിക്കാൻ വോളിബോളിന്റെയും ബാഡ്മിന്റന്റെയും താരപരിവേഷങ്ങൾ ഇനി മുഴപ്പിലങ്ങാട് എത്തും. 

ധർമ്മടം എംഎൽഎയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുഴപ്പിലങ്ങാട് ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയം പത്തിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. സ്റ്റേഡിയത്തിന്റെ അവസാനഘട്ട മിനുക്ക് പണികളാണ് ഇപ്പോൾ നടക്കുന്നത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് ഘട്ടങ്ങളിലായി 1.26 കോടി രൂപ ചെലവഴിച്ച് മുഴപ്പിലങ്ങാട് കച്ചേരി മെട്ടയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. 27 മീറ്റർ നീളവും 18.5 മീറ്റർ വീതിയും 14 മീറ്റർ ഉയരത്തിലുമാണ് കോർട്ടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
രണ്ട് ഷട്ടിൽ കോർട്ട്, വോളിബോൾ കോർട്ട്, 250 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഗ്യാലറി, ടോയ്ലറ്റ്, ക്ലോക്ക് റൂം സംവിധാനങ്ങൾ, പാർക്കിംഗ് സംവിധാനം എന്നിവയാണ് ഇൻഡോർ കോർട്ടിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. 

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രമാണ് ഇൻഡോർ സ്റ്റേഡിയത്തിൽ എൽഇഡി വാൾ, സ്കോർ ബോർഡ്, ഇന്റർലോക്ക്, ചുറ്റുമതിൽ, കവാടം തുടങ്ങിയവയുടെ പ്രവർത്തി നടത്തുന്നത്. 
ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നതോടെ വിവിധ വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാനാകും. ഇതിനുപുറമേ വിദഗ്ധ പരിശീലനം നൽകി വിദ്യാർഥികളെയും മറ്റും ഭാവിയിലെ കായിക വാഗ്ദാനങ്ങളാക്കി മാറ്റാൻ മുഴപ്പിലങ്ങാട് ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയത്തിന് സാധിക്കുമെന്നുറപ്പാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ