മുസ്‍ലിംകള്‍ വീടുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഗുരുഗ്രാമില്‍ വീണ്ടും പോസ്റ്ററുകൾ

ഗുരുഗ്രാം (ഹരിയാന)
മുസ്‍ലിംകള്‍ ഒഴുഞ്ഞുപോകണമെന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ വീണ്ടും പോസ്റ്ററുകള്‍. ഒഴിഞ്ഞുപോയില്ലെങ്കില്‍ അനന്തരഫലം നേരിടേണ്ടി വരുമെന്നും നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെയാകും ഉത്തരവാദികളെന്നും ഭീഷണിയുണ്ട്.
വി.എച്ച്‌.പിയുടെയും ബജ്റങ് ദളിന്‍റെയും പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, പോസ്റ്ററുകളുമായി യാതൊരു ബന്ധവുമില്ലെന്ന് വി.എച്ച്‌.പി നേതൃത്വം പറയുന്നത്.

സെക്ടര്‍ 69ലെ മുസ്‍ലിം ഭൂരിപക്ഷ കുടിയേറ്റ കോളനിക്കെതിരെയാണ് ഭീഷണി. ഇന്നലെ രാത്രി മുതലാണ് പ്രദേശത്ത് പോസ്റ്ററുകള്‍ കണ്ടത്. ഇന്ന് ഹരിയാനയിലെ നൂഹില്‍ വി.എച്ച്‌.പിയുടെ ജലാഭിഷേക യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഇതിന്‍റെ മുന്നോടിയായി ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് സെക്ടര്‍ 69ലെ കോളിനിയില്‍ കുടിലുകള്‍ കെട്ടി താമസിക്കുന്നത്. 200 ഓളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്.

കഴിഞ്ഞ 31നും വി.എച്ച്‌.പിയുടെ നേതൃത്വത്തില്‍ ജലാഭിഷേക യാത്ര നടന്നിരുന്നു. ഈ യാത്രക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുഗ്രാമില്‍ ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. മുസ്‍ലിംകളുടെ കടകള്‍ തിരഞ്ഞുപിടിച്ച്‌ തീയിട്ട് നശിപ്പിച്ചിരുന്നു. വീണ്ടും ജലാഭിഷേക യാത്ര നടക്കാനിരിക്കെയാണ് ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൊലീസ് അനുമതി നിഷേധിച്ച്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇന്ന് ജലാഭിഷേക ശോഭായാത്ര നടത്തുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുള്‍മുനയിലായിരിക്കുയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും എസ്.എം.എസ് നിയന്ത്രണവും ഏര്‍പ്പെടുത്തിയ നൂഹില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടകമ്ബോളങ്ങള്‍ അടച്ചിടാനും കര്‍ശന നിര്‍ദേശമുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ