മേജര്‍ ജനറല്‍ പെന്‍ഗ്വിന് സല്യൂട്ട് !



ലണ്ടൻ
ഇതാണ് സര്‍ നില്‍സ് ഒലവ് മൂന്നാമൻ. നോര്‍വീജിയൻ ആര്‍മിയിലെ മേജര്‍ ജനറലാണ് കക്ഷി. പക്ഷേ, ചെറിയ ഒരു വ്യത്യാസമുണ്ട്. നില്‍സ് മനുഷ്യനല്ല. പകരം, ഒരു പെൻഗ്വിനാണ്. അതെ, സ്കോട്ട്‌ലൻഡിലെ എഡിൻബറ മൃഗശാലയില്‍ ജീവിക്കുന്ന കിംഗ് പെൻഗ്വിനാണ് നില്‍സ്. നോര്‍വെ സൈന്യത്തിലെ മൂന്നാമത്തെ വലിയ റാങ്കിലേക്കാണ് നില്‍സിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ലോകത്തെ് ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന പെൻഗ്വിൻ. ഈ മാസം ആദ്യം സൈന്യത്തിന്റെ ഗാര്‍ഡ് ഒഫ് ഓണറും സല്യൂട്ടും നല്‍കിയാണ് നില്‍സിന് സ്ഥാനക്കയറ്റം നല്‍കിയത്. നോര്‍വെയിലെ കിംഗ്സ് ഗാര്‍ഡിന്റെ ഔദ്യോഗിക ചിഹ്നം കൂടിയാണ് നില്‍സ്. 160ലേറെ സൈനികര്‍ പങ്കെടുത്ത പ്രത്യേക ചടങ്ങില്‍ നില്‍സിന് ബാഡ്ജ് ഒഫ് ഓണറും സമ്മാനിച്ചിരുന്നു. ലോകത്തെ മറ്റ് പെൻഗ്വിനുകള്‍ക്ക് ഉത്തമമായ മാതൃകയാണത്രേ നില്‍സ്. എന്തിനാണ് ഒരു പെൻഗ്വിന് ഇത്രയും ഉയര്‍ന്ന പദവി നല്‍കി ആദരിക്കുന്നത് ? അതറിയാൻ വര്‍ഷങ്ങള്‍ പിന്നിലേക്ക് നടക്കണം. 

1961ല്‍ നോര്‍വെ സൈന്യത്തിന്റെ ഭാഗമായ കിംഗ്സ് ഗാര്‍ഡ് സ്കോട്ട്‌ലൻഡില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒരു അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. ഇതിനിടെ കിംഗ്സ് ഗാര്‍ഡ് അംഗമായിരുന്ന മേജര്‍ നില്‍സ് എജലിയൻ എഡിൻബറ മൃഗശാല സന്ദര്‍ശിച്ചു. അദ്ദേഹത്തിന് ഇവിടുത്തെ പെൻഗ്വിനുകളെ ഏറെ ഇഷ്ടമായി. ഇവിടുത്തെ പെൻഗ്വിനുകള്‍ നടക്കുന്നത് കാണുമ്ബോള്‍ കിംഗ്സ് ഗാര്‍ഡ് അംഗങ്ങള്‍ മാര്‍ച്ച്‌ ചെയ്യുന്നത് പോലെ തോന്നുന്നെന്ന് അദ്ദേഹം പറഞ്ഞു. 1972ല്‍ വീണ്ടും എഡിൻബറയിലെത്തിയപ്പോള്‍ തങ്ങളുടെ സൈന്യത്തിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി മൃഗശാലയിലെ ഒരു പെൻഗ്വിനെ ദത്തെടുക്കാൻ നില്‍സ് എജലിയൻ തീരുമാനിച്ചു.

അദ്ദേഹത്തിന്റെ ആവശ്യം മൃഗശാല അധികൃതര്‍ സന്തോഷത്തോടെ സ്വീകരിച്ചു. നില്‍സ് എജലിയന്റെയും അന്നത്തെ നോര്‍വെ രാജാവായ കിംഗ് ഒലവ് അഞ്ചാമന്റെയും പേര് ചേര്‍ത്ത് സര്‍ നില്‍സ് ഒലവ് എന്ന് ഒരു പെൻഗ്വിന് പേരിട്ടു. നില്‍സ് ഒലവിനെ മൃഗശാലയില്‍ തന്നെയാണ് വളരാൻ അനുവദിച്ചത്. എല്ലാ വര്‍ഷവും നില്‍സ് ഒലവിനായി മത്സ്യങ്ങളും ക്രിസ്മസ് കാര്‍ഡുകള്‍ നോര്‍വെ സൈന്യം അയയ്ക്കാൻ തുടങ്ങി.

സൈന്യം എഡിൻബറയിലെത്തുമ്ബോഴെല്ലാം നില്‍സ് ഒലവിനെ സന്ദര്‍ശിച്ചിരുന്നു. 1982ല്‍ കോര്‍പറല്‍ പദവി നല്‍കിയാണ് നോര്‍വെ സൈന്യം നില്‍സ് ഒലവിനെ ദത്തെടുത്തത്. പിന്നീട് സാര്‍ജന്റ് ( 1987 ), റെജിമെന്റല്‍ സാര്‍ജന്റ് മേജര്‍ ( 1993 ), ഓണറബിള്‍ റെജിമെന്റല്‍ സാര്‍ജന്റ് മേജര്‍ ( 2001 ), കേണല്‍ ഇൻ ചീഫ് ( 2005 ), നൈറ്റ്‌ഹുഡ് ( 2008 ), ബ്രിഗേഡിയര്‍ ( 2016 ) തുടങ്ങിയ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോഴിതാ മേജര്‍ ജനറലായും പ്രമോഷൻ ലഭിച്ചിരിക്കുന്നു.

നോര്‍വെയിലെ ഹാരള്‍ഡ് അഞ്ചാമൻ രാജാവിന്റെ അംഗീകാരത്തോടെയാണ് നില്‍സ് ഒലവിന് നൈറ്റ്ഹുഡ് സമ്മാനിച്ചത്. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഇത്രയും വര്‍ഷമായി സ്ഥാനക്കയറ്റം ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഗ്വിൻ ഒരാളല്ല. മറിച്ച്‌ മൂന്ന് പെൻഗ്വിനുകളാണ് ഒന്നിന് പിറകേ ഒന്നായി നില്‍സ് ഒലവ് എന്ന പേരും പദവിയും വഹിച്ചത്.

സര്‍ നില്‍സ് ഒലവ് മൂന്നാമനാണ് നിലവില്‍ സൈനിക പദവി വഹിക്കുന്നത്. സര്‍ നില്‍സ് ഒലവിന്റെ നാല് അടി ഉയരമുള്ള ഒരു വെങ്കല പ്രതിമ മൃഗശാലയില്‍ കാണാം. യൂറോപ്പിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ പെൻഗ്വിൻ പൂള്‍ സ്ഥിതി ചെയ്യുന്നത് എഡിൻബറ മൃഗശാലയിലാണ്. കിംഗ് പെൻഗ്വിനുകള്‍ക്ക് പുറമേ ജെൻഡൂ, വംശനാശ ഭീഷണി നേരിടുന്ന നോര്‍ത്തേണ്‍ റോക്ക്‌ഹോപ്പര്‍ പെൻഗ്വിനുകളും ഇവിടെയുണ്ട്.

പട്ടാളക്കരടി

ഇതാദ്യമായല്ല ഒരു ജീവി സൈന്യത്തില്‍ ഉന്നത പദവിയിലെത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ പോളിഷ് സൈന്യത്തിനൊപ്പം വോജ്ടെക് എന്ന ഒരു കരടി ജീവിച്ചിരുന്നു. 1942 ഓഗസ്‌റ്റില്‍ ഇറാനിലെ ഹമദൻ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് പോളിഷ് സൈന്യത്തിന് വോജ്ടെകിനെ ലഭിച്ചത്. പട്ടാളക്കാര്‍ക്കൊപ്പം ജീവിച്ച്‌ പട്ടാളക്യാമ്ബിന്റെ ഭാഗ്യചിഹ്നമായി മാറിയ വോജ്‌ടെകിന് സൈനിക ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യാനും അഭിവാദ്യം അര്‍പ്പിക്കാനുമൊക്കെ അറിയാമായിരുന്നു.

വോജ്ടോകിന് മറ്റു സൈനികരെ പോലെ റാങ്കും, റോള്‍ നമ്ബറും പ്രതിഫലവും നല്‍കി. വോജ്ടെകിന് ഏറ്റവും ഇഷ്ടം ബിയറായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍പീരങ്കിയുണ്ടകള്‍ നിറച്ച വലിയ പെട്ടികള്‍ ചുമന്ന് സൈനികരെ സഹായിക്കുന്നതായിരുന്നു 220 കിലോ ഭാരവും 6 അടിയിലേറെ പൊക്കവുമുണ്ടായിരുന്ന പ്രൈവറ്റ് റാങ്കിലെ വോജ്ടെകിന്റെ ജോലി. പോളിഷ് സൈന്യത്തിലെ കോര്‍പറല്‍ ആയാണ് വോജ്ടെക് വിരമിച്ചത്.

നിരവധി അംഗീകാരങ്ങളും ബഹുമതികളും ലഭിച്ച വോജ്ടെക് 1947ല്‍ എഡിൻബറ മൃഗശാലയിലേക്കാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇപ്പോള്‍ സര്‍ നില്‍സ് ഒലവ് ജീവിക്കുന്ന അതേ മൃഗശാല തന്നെ. പോളിഷ് സൈനികര്‍ മൃഗശാലയിലെത്തി വോജ്ടെകിനെ കാണുകയും അതിന് സമ്മാനങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. 1963ല്‍ 21ാം വയസില്‍ വോജ്ടെക് വിടപറഞ്ഞു.




Post a Comment

വളരെ പുതിയ വളരെ പഴയ