കൊച്ചി: കേരളം ലോകത്തിന് നല്‍കുന്ന വലിയ സന്ദേശമാണ് ഓണം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലാവണ്യം 2023' ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത, വര്‍ണ്ണ, സാമ്ബത്തിക വേര്‍തിരിവുകള്‍ ഇല്ലാതെ മലയാളികള്‍ ഒന്നാകുന്ന ആഘോഷമാണ് ഓണം. പലവിധത്തിലും വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മനുഷ്യരും ഒന്നാണ് എന്ന വലിയ സന്ദേശമാണ് ഓണം നല്‍കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം മലയാളികള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഓണം ആഘോഷിക്കുന്ന വേളയാണിത്. പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് സഹായമുറപ്പാക്കാൻ 19,000 കോടിരൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. എല്ലാവരും നല്ല രീതിയില്‍ ഓണം ആഘോഷിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായി കൂടിയാണ് ആദിവാസി മേഖലയായ കുട്ടമ്ബുഴയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്.നഗരമേഖലയില്‍ ഒതുങ്ങി നില്‍ക്കാതെ ജില്ലയുടെ ഗ്രാമീണ മേഖലയില്‍ കൂടി പരിപാടികള്‍ സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എൻ.എസ്.കെ ഉമേഷ്, കൊച്ചി കോര്‍പ്പറേഷൻ കൗണ്‍സിലര്‍ പത്മജ.എസ്.മേനോൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍മാരായ പി.ആര്‍ റെനീഷ്, ജോര്‍ജ് ഇടപ്പരത്തി, ടി.കെ ഷെബീബ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിന്റെ പാരമ്ബര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം തുമ്ബപ്പൂ എറണാകുളം ടീമിന്റെ നേതൃത്വത്തില്‍ ഓണക്കളി അരങ്ങേറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ