സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരും, ജാഗ്രത വേണം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നും നാളെയും (ശനി, ഞായര്‍) സംസ്ഥാനത്ത് ചൂട് കൂടും. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കൊല്ലം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മണ്‍സൂണ്‍ സീസണ്‍ അവസാനത്തോട് അടുക്കുമ്ബോള്‍ സംസ്ഥാനത്ത് മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റില്‍ ഇതുവരെ കാര്യമായ മഴ ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമാംവിധം താഴുന്നതായി കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പമ്ബാനദിയില്‍ മാലക്കരയില്‍ സ്ഥാപിച്ച ജലമാപിനിയില്‍ ജലനിരപ്പ് പൂജ്യം സെന്റീമിറ്ററിനും താഴെ രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ നദികളില്‍ സ്ഥാപിച്ച 38 മാപിനികള്‍ നിരീക്ഷിച്ചപ്പോള്‍ പമ്ബാനദിയില്‍ മാത്രമാണ് മൈനസ് ജലനിരപ്പ് മൈനസ് രേഖപ്പെടുത്തിയത്. മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയില്‍ 1.88 മീറ്ററും അച്ചന്‍കോവിലാറ്റിലെ തുമ്ബമണ്‍ മാപിനിയില്‍ 6 മീറ്ററുമാണ് ജലത്തിന്റെ അളവ്. ഇടുക്കി ഡാമിലെ ജലനിരപ്പിലും കുറവ് രേഖപ്പെടുത്തി. ഇതോടെ വൈദ്യുതി ഉല്പാദനത്തിലും പ്രതിസന്ധി രൂക്ഷമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ