പറ്റിക്കാന്‍ നോക്കേണ്ട, ആകാശത്ത് പാറിപ്പറന്നും ഇനി എഐ ക്യാമറ പണി തരുമെന്ന് എംവിഡി!


സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രോണില്‍ എഐ ക്യാമറകള്‍ ഘടിപ്പിച്ച്‌ നിയമലംഘകരെ പിടികൂടാനും അപകടങ്ങള്‍ ഇല്ലാതാക്കാനുമാണ് നീക്കം.
സംസ്ഥാനത്ത് നിലവില്‍ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങള്‍ കൂടുതലായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോഡിലെ ഗതാഗത നിയമലംഘനങ്ങള്‍ തടയാനായി മൂന്നു മാസം മുമ്ബാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകള്‍ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതല്‍ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഡ്രോണില്‍ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രെപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ പറയുന്നു. 


നിലവിലെ എഐ ക്യാമറകള്‍ക്ക് പുറമെ, ഒരു ജില്ലയില്‍ 10 എ ഐ ഡ്രോണ്‍ ക്യാമറകള്‍ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഈ മാസം ആദ്യവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഗ്രാമീണ പ്രദേശങ്ങളില്‍ ഇപ്പോഴും പൊലീസിന്‍റെ പരിശോധനയാണ് ആശ്രയം.

അതേസമയം സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. ഗതാഗത നിയമലംഘനങ്ങള്‍ തടയാനായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ റോഡുകളിലുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ചുള്ള തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറൻസിക് മേധാവിയും പൊലീസ് സര്‍ജന്നുമായ ഡോ ഉന്മേഷ് എ കെയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിരുന്നു.


എഐ ക്യാമറകള്‍ക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡോ ഉന്മേഷിന്‍റെ കുറിപ്പ്. എന്നാല്‍ ഇപ്പോള്‍ വാഹനമോടിക്കുമ്ബോള്‍ കാണുന്ന ചില കാഴ്ച്ചകള്‍ ആശ്വാസകരമാണെന്ന് അദ്ദേഹം പറയുന്നു. മിക്ക ഇരുചക്രവാഹനക്കാരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണെന്നും ഡോ ഉന്മേഷ് എഴുതുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ