സുമോദിന്റെ കൊലപാതകത്തിൽ പിടിയിലായ അസീബ
എടക്കാട്
കുറ്റിക്കകം പാറപ്പള്ളി ബീച്ചിന് സമീപം യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുറ്റിക്കകം സ്വദേശി പാറപ്പള്ളി അസീബ്(35) നെയാണ് കണ്ണൂർ എസിപി ടി കെ രക്തനകുമാറിന്റേയും എടക്കാട് പോലീസ് ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് കുറ്റിക്കകം പറമ്പിൽ ഹൗസിൽ പ്രഭാകരന്റെയും കമലയുടെയും മകൻ സുമോദ്(38) മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ ഇത് കൊലപാതകം ആണെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് അസീബിനെ അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് അസീബിന്റെ ഉപ്പ അസീസ് വിൽപ്പന നടത്തിയ സ്ഥലത്തിന് കമ്മീഷൻ ആവശ്യപ്പെട്ടുകൊണ്ട് സുമോദ് അസീബിനേയും ഉപ്പ അസീസിനേയും നിരന്തരം ശല്യം ചെയ്തിരുന്നു. പണം ആവശ്യപ്പെട്ടുകൊണ്ട് അസീബിനെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ കടലിൽ പോയി വലയെറിഞ്ഞ ശേഷം തിരികെ വന്ന അസീബ് പാറപളളിയിലെ പണി തീരാത്ത തന്റെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ഇവിടെ എത്തിയ സുമോദ് പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കി. സുമോദിന്റെ അക്രമത്തിൽനിന്ന് രക്ഷപ്പെടാൻ സമീപത്ത് കണ്ട മുളവടി എടുത്ത് സുമോദിനെ അടിക്കുകയായിരുന്നു. തലക്കും കഴുത്തിനുമേറ്റ അടിയെ തുടർന്ന് ബോധം നഷ്ടപ്പെട്ട സുമോദിനെ ചാക്കിൽ കെട്ടി സമീപത്തെ കുന്നിൻ മുകളിൽ നിന്നും അസീബ് തഴോട്ട് എറിഞ്ഞു. തുടർന്ന് താഴെയെത്തിയ അസീബ് സുമോദിനെ സമീപത്തെ തെങ്ങിൻ തോപ്പിലേക്ക് കൊണ്ടുചെന്നിടുകയായിരുന്നു.
കൊലപാതക സൂചന ലഭിച്ചതിനെ തുടർന്ന് ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലീസ് നായ മണം പിടിച്ച് അസീബിന്റെ വീടിന് സമീപം പോയതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ മികവും പ്രതിയെ കണ്ടെത്തുന്നതിൽ സഹായകമായി. തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ നാലു മണിയോടെ കുറ്റിക്കകം മുനമ്പിന് സമീപം വച്ച് അസീബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. നരഹത്യ കുറ്റം ചുമത്തിയ അസീബിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. എസിപി ടി കെ രക്തകുമാർ, എടക്കാട് പോലീസ് ഇൻസ്പെക്ടർ കല്യാടൻ സുന്ദരേന്ദ്രൻ, ഗ്രേഡ് എസ് ഐ മാരായ എം പി ഖലീൽ, രാം മോഹൻ, എഎസ്ഐ സുജിത്ത് ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ