അറിയിപ്പ്, ജോലി ഒഴിവ്, വിദ്യാഭ്യാസം, സ്കോളർഷിപ്, അപേക്ഷ ക്ഷണിച്ചു, പട്ടയ കേസ്, വിവിധ വായ്പാ പദ്ധതികൾ


കണ്ണൂർ >

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് ശനിയാഴ്ച (ആഗസത് ഏഴ്) ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


ഓണ്‍ലൈന്‍ പരിശീലനം

കണ്ണൂര്‍ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ആടു വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നടക്കും. ആഗസ്ത് 16,17 തീയതികളില്‍ മൂന്നു മണിക്കൂര്‍ വീതം ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 0497 2763473 എന്ന നമ്പറില്‍ വിളിച്ച് പേരും വാട്‌സ്ആപ്പ് നമ്പറും രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് അവസരം.  

വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്നു. നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, കളിമണ്‍പാത്ര വിപണനത്തിനുമാണ് വായ്പ. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷവുമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകം. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോം, നിബന്ധനകള്‍, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ www.keralapottery.org എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.


താല്‍ക്കാലിക നിയമനം

നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ആഗസ്ത് 10നകം classthsneruvambram@gmail.com ലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍: 9400006495, 9847175946.


ഇ-ലോക് അദാലത്ത്
       
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടേയും സംയുക്താഭിമുഖ്യത്തില്‍ സപ്തംബര്‍ 11 ന് ഇ-ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകള്‍ പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍, തൊഴില്‍, വൈദ്യുതി, വാട്ടര്‍ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍, രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബപരമായ കേസുകള്‍, സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍:0490 2344666.


അപേക്ഷ ക്ഷണിച്ചു
       
തളിപ്പറമ്പ് നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ 10 ശതമാനം ഫീസടച്ചാല്‍ മതിയാകും. മൂന്ന് ലക്ഷം രൂപയാണ് വരുമാന പരിധി. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9744917200, 9995004269.


മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്; തീയതി നീട്ടി
       
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന തീയതി സപ്തംബര്‍ ആറ് വരെ നീട്ടിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.


ലാബ് ടെക്‌നീഷ്യന്‍ നിയമനം

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് 26 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കും. യോഗ്യത ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി. പ്രവൃത്തി പരിചയം അഭിലഷണീയം.


വണ്‍ ടൈം രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ആഗസ്ത് 11 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന വണ്‍ ടൈം രജിസ്‌ട്രേഷന് 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആധാര്‍/വോട്ടേഴ്‌സ് ഐഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഫോണ്‍: 0497 2707610, 6282942066.


കൊവിഡ് വാക്‌സിനേഷന്‍ കിടപ്പു രോഗികള്‍ക്ക് മാത്രം  

ജില്ലയില്‍ ശനിയാഴ്ച (ആഗസ്ത് 7) 10 സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡ് ആണ് നല്‍കുക.
വാക്‌സിന്‍ സ്റ്റോക്ക് കുറവായതിനാല്‍ ശനിയാഴ്ച പൊതു വിഭാഗത്തിന് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ