പാരീസ്>
പള്ളികൾക്കും മതസംഘടനകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നിയമനിർമ്മാണം നടത്തി ഫ്രഞ്ച് പാർലമെന്റ്. മതസംഘടന അംഗങ്ങൾ അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്നതായി കണ്ടെത്തിയാൽ കോടതിയുടെ അനുമതി ഇല്ലാതെ തന്നെ ആരാധനാലയങ്ങൾ അടച്ചുപൂട്ടാനും മതസംഘടനകളെ പിരിച്ചുവിടാനുമുള്ള അധികാരം ഇതോടെ സർക്കാരിൽ നിക്ഷിപ്തമായി.
ഇസ്ലാമിക വിഘടനവാദത്തെ നേരിടാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് നിയമം മുന്നോട്ടുവച്ചത്. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ 19നെതിരേ 49 വോട്ടുകൾക്ക് ബിൽ പാസായി. ഇസ്ലാമിക മുന്നേറ്റങ്ങൾ ഫ്രാൻസിന്റെ മതേതരമൂല്യങ്ങൾ അട്ടിമറിക്കുന്നുവെന്നാണ് മാക്രോണിന്റെ വാദം.
ആശയത്തിന്റെയും മതതീവ്രവാദത്തിന്റെയും പേരിൽ ഫ്രാൻസിന്റെ മതേതരമൂല്യങ്ങളിൽനിന്നു വ്യതിചലിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കുമേലും പൊതുസേവനം നല്കുന്നവർക്കുമേലും സമ്മർദം ചെലുത്തുന്നത് ക്രിമിനൽ കുറ്റമായി മാറി. അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന മതസംഘടനകളെ താത്കാലികമായോ സ്ഥിരമായോ സർക്കാരിനു പിരിച്ചുവിടാം. നിർബന്ധിത വിവാഹം അടക്കമുള്ള കാര്യങ്ങൾ കർശനമായി വിലക്കുന്നു.
ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ മതസംഘടനകൾക്ക് സർക്കാർ സഹായം ലഭിക്കില്ല. പുരോഹിതർക്ക് സർക്കാർ ജോലി വിലക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ വിനിയോഗം ക്രമസമാധാനത്തിനു തടസമാകരുതെന്നും നിയമത്തിൽ നിർദേശിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ