കണ്ണൂർ >
കണ്ണൂർ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് തുടരും
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് ജൂലൈ 27 നും തുടരും. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കാനും ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനതലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇലക്‌ട്രോണിക് വീല്‍ചെയര്‍; അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഇലക്‌ട്രോണിക്ക് വീല്‍ചെയര്‍ വിതരണം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. അപേക്ഷ ജില്ലാ പഞ്ചായത്ത് ഓഫീസിലോ ജില്ലാ സാമൂഹ്യ നീതി ഓഫീസിലോ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 30. ഫോണ്‍: 0497 2700205, 2712255.
വായനാ വാരാഘോഷം; ചിത്രരചന മത്സര വിജയികള്‍
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ എം ജഗന്നാഥ് (കടമ്പൂര്‍ എച്ച്എസ്എസ്) ഒന്നാം സ്ഥാനവും എം അനൂപ (കൂടാളി എച്ച്എസ്എസ്) രണ്ടാം സ്ഥാനവും സൂര്യകിരണ്‍ (കടമ്പൂര്‍ എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗത്തിനായി നടന്ന മത്സരത്തില്‍ വി വി ആദിത്യന്‍ (മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ യുപിഎസ്) ഒന്നാം സ്ഥാനം നേടി. ഹര്‍ഷ പ്രമോദ് (അഴീക്കോട് എച്ച്എസ്എസ്) രണ്ടാം സ്ഥാനവും ഭാഗ്യശ്രീ രാജേഷ് (ഉര്‍സുലിന്‍ സീനിയര്‍ എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി.
എല്‍ പി വിഭാഗം സി അര്‍ച്ചിത് (കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍) ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. അന്‍വിത സംഗീത് രണ്ടാം സ്ഥാനവും, ആഷ്‌വിന്‍ ഷാജി ( ഗവ എല്‍ പി സ്‌കൂള്‍ തലശ്ശേരി)മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനം ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. ഹയര്‍സെക്കറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങള്‍ക്കായി നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ നല്‍കും.
സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പിലാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373.
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചീനീയറിംഗ് കോളേജുകളിലെ എന്‍ ആര്‍ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആഗസ്ത് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ നല്‍കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകള്‍, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് കോളേജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/ ഇ മെയില്‍ ihrd.itd@gmail.com ഫോണ്‍: എറണാകുളം-8547005097, 0484 2575370, ചെങ്ങന്നൂര്‍-8547005032, 0479 2454125, അടൂര്‍-8547005100, 04734 23995, കരുനാഗപ്പള്ളി-8547005036, 0476 2665935, കല്ലൂപ്പാറ-8547005034, 0469 2678983, ചേര്‍ത്തല-8547005038, 0478 2552714.
തീയതി നീട്ടി
തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ആര്‍ ഡി പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളുടെ അപേക്ഷാ തീയതി ജൂലൈ 31 വരെ നീട്ടി. ഡി ഡി ടി ഒ എ(എസ് എസ് എല്‍ സി പാസ്), ഡി സി എ (പ്ലസ് ടു പാസ്), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(എസ് എസ് എല്‍ സി പാസ്) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ കോളേജ് ഓഫീസില്‍ നിന്നും www.ihrd.ac.in ല്‍ നിന്നും ലഭിക്കും. എസ് സി /എസ് ടി/ ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍ 0460 2206050, 8547005048.
അപേക്ഷ തീയ്യതി നീട്ടി
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. രണ്ട് സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി ടി ഒ എ), ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി സി എല്‍ ഐ എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി സി എഫ് എ), അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എ ഡി ബി എം ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി എല്‍ എസ് എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി ജി ഡി ഇ ഡി) എന്നീ കോഴ്‌സുകളുടെ അപേക്ഷാ തീയതിയാണ് നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് 2021-22 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2020-21 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും, സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചതുമായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ കൂടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്,ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്, കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 15 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 0497 2700596
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ജൂലൈ 29 വരെ കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ