യുഎഇ യുടെ ചൊവ്വ ദൗത്യം വിജയകരം; അറബ് ലോകത്തിന് അഭിമാന നിമിഷം

അബുദാബി >
ചരിത്ര നിമിഷത്തിന് സാക്ഷിയായി അറബ് ലോകം. യുഎഇ ചൊവ്വ പര്യവേഷണത്തിനായി വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.
ഇതോടെ ദൗത്യത്തിൽ വിജയം കാണുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ ദൗത്യത്തിൽ വിജയം കാണുന്ന മൂന്നാമത്തെ രാജ്യവുമായി യുഎഇ മാറി.

ചൊവ്വ ദൗത്യം വിജയകരമായി നടപ്പിലാക്കിയ ആദ്യ അറബ് രാഷ്ട്രം കൂടിയാണ് യുഎഇ. വിജയകരമായി ഭ്രമണപഥത്തിലെത്തിയ ഹോപ് പ്രോബ് ഒരാഴ്ചക്കകം ചിത്രങ്ങൾ അയച്ച് തുടങ്ങും. 687 ദിവസമാണ് പേടകത്തിൻ്റെ ദൗത്യ കാലാവധി.

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.

200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍

ഭൗമോപരിതലത്തില്‍ നിന്ന് 49.4 കോടി കിലോമീറ്റര്‍

സഞ്ചരിച്ച് യുഎഇ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്.

ഹോപ്പ് ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുര്‍ജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളില്‍ പേടകത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്പെക്‌ട്രോ മീറ്റര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പിലുള്ളത്.

ഇതിന് മുമ്പ് ഇന്ത്യ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയുടെയും പര്യവേഷണ പേടകങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്.

സമീപകാലത്തായി ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി 2019 സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. 2117 ഓടെ ചൊവ്വയില്‍ മനുഷ്യ കോളനി പണിയാന്‍ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ