സാന്ത്വന സ്പര്‍ശം- മന്ത്രിമാരുടെ അദാലത്ത്; അപേക്ഷകള്‍ 28 വരെ സമര്‍പ്പിക്കാം.



കണ്ണൂർ >
ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകളും പരാതികളും ജനുവരി 28 വരെ അപേക്ഷിക്കാം. https://cmo.kerala.gov.in/  ൽനേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് പരാതികള്‍ നല്‍കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ ഇതിനായി അപേക്ഷകരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടയം, ലൈഫ് പദ്ധതി, പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, പ്രളയ നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ എന്നിവ ഈ അദാലത്തില്‍ പരിഗണിക്കില്ല. ഈ നാല് വിഷയങ്ങളില്‍ ഒഴികെയുള്ള ഏത് പരാതിയും അദാലത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ്. പരാതി സമര്‍പ്പിക്കുന്നവര്‍ മൊബൈല്‍, വാട്ട്‌സാപ്പ് നമ്പറുകളും ഇ-മെയില്‍ ഉള്ളവര്‍ അതും നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇരിട്ടി താലൂക്കിലെ അദാലത്ത് ഫെബ്രുവരി ഒന്നിന് ഇരിട്ടി നേരമ്പോക്ക് റോഡിലുള്ള ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയം, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോംപൗണ്ട് എന്നിവിടങ്ങളിലാണ് നടക്കുക.
പ്രായമായവരെയും രോഗികളെയും അദാലത്തിലേക്ക് കൊണ്ടുവരരുത്. അവരുടെ ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം അദാലത്തില്‍ ഹാജരായാല്‍ മതി. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളുള്ളവരും അദാലത്തില്‍ വരാതെ പകരം ബന്ധുക്കളെ അയക്കണം. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്തുകള്‍ നടത്തുക. രാവിലെ ഒന്‍പത് മണിക്ക് അദാലത്ത് ആരംഭിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ