തിരുവനന്തപുരം
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി നല്‍കി പിവി അൻവർ എം എല്‍ എ.
പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് രാഷ്ട്രീയ താത്പര്യമുണ്ട്. അദ്ദേഹം സർക്കാരിനെ ഇരുട്ടില്‍ നിർത്തുകയാണ്. പാർട്ടിയാണ് അദ്ദേഹത്തിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും പിവി അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള അന്വേഷണമാണ് ഇനി നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പാർട്ടിക്ക് കൈമാറിയിട്ടുണ്ട്. പാർട്ടി സെക്രട്ടറി നാട്ടിലെത്തിയാല്‍ ഉടൻ പരാതി പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അറിയാൻ സാധിച്ചത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തേണ്ട സമയം കഴിഞ്ഞു. എഡിജിപിയെ മാറ്റി നിർത്തട്ടെയെന്ന സർക്കാർ നിലപാട് താൻ ആദ്യം അംഗീകരിച്ചിരുന്നു. എസ്‌ഐടി വിഷയങ്ങള്‍ അന്വേഷിക്കട്ടെ. ഞാൻ ഉന്നയിച്ച വിഷയങ്ങളില്‍ കഴമ്ബുണ്ടെന്ന് എസ് ഐ ടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തിട്ടുള്ളത്.
ഇനി എഡിജിപിയെ താത്കാലികമായി സസ്പെന്റ് ചെയ്തുകൊണ്ടാണ് അന്വേഷണം മുൻപോട്ട് പോകേണ്ടത്. എസ്‌ഐടി അന്വേഷണം നടക്കവെ തന്നെ മറ്റൊരു സമാന്തര അന്വേഷണം ഇവിടെ നടക്കുന്നുണ്ട്.നിയമപരമല്ലാത്ത അന്വേഷണമാണത്. പോലീസിന്റെ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് അജിത് കുമാർ ഈ അന്വേഷണം നടത്തുന്നത്. ഞാൻ കൊടുത്ത തെളിവുകള്‍ എങ്ങനെ എനിക്ക് കിട്ടിയെന്നാണ് അന്വേഷിക്കുന്നത്. തെളിവ് നല്‍കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുകയാണ്. ഇവിടുത്തെ സർക്കാരും ചട്ടങ്ങളുമൊന്നും എനിക്ക് ബാധകമല്ലെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് അജിത് കുമാർ. ഈ ചട്ടലംഘനം തന്നെ മതി അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ.
വിജിലൻസ് അന്വേഷണത്തിന് ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി അനുമതി നല്‍കിയത്. ഫയല്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ തന്നെ നടപടിയെടുത്തുവെന്നാണ് ദേശാഭിമാനിയില്‍ പറയുന്നത്. അപ്പോള്‍ കഴിഞ്ഞ 7 ദിവസം ഈ റിപ്പോർട്ട് എവിടെയായിരുന്നു. എന്തുകൊണ്ട് പൊളിറ്റിക്കല്‍ ഈ വിഷയത്തില്‍ ഒരു പത്രകുറിപ്പ് ഇറങ്ങിയില്ല. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്ന് പറഞ്ഞില്ല. മുഖ്യമന്ത്രിയാണ് ഇതിന് കാരണക്കാരൻ, ഇത്രയും ദിവസമായി അന്വേഷണം പ്രഖ്യാപിച്ചില്ല എന്നൊരു ചർച്ചയ്ക്ക് അദ്ദേഹം കൂട്ടുനിന്നു. ഇതൊക്കെ കൊണ്ടാണ് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നത്.
പിവി അൻവർ പേരെടുക്കാൻ വേണ്ടി ഇറങ്ങിയതല്ല. ഇത് ജനങ്ങളുടെ വിഷയമാണ്. അതാണ് ഞാൻ ഉയർത്തിക്കൊണ്ടുവന്നത്. സർക്കാരും പാർട്ടിയും ഈ വിഷയങ്ങളെല്ലാം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ