മുൻപ് സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും ഹേമാ കമ്മിറ്റി അംഗവുമായ ശാരദ.
കാസ്റ്റിങ് കൗച്ച് മുൻപും നിലനിന്നിരുന്നതായും ഇപ്പോള്‍ പലരും ഇക്കാര്യം തുറന്നു പറയുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ തന്റെ കണ്ടെത്തലായി അവർ പറഞ്ഞു. ഇന്ന് 'കോംപ്രമൈസ്', 'അഡ്ജസ്റ്റ്മെന്റ്' എന്നീ വാക്കുകള്‍ സാധാരണമായെന്നും ശാരദ ചൂണ്ടിക്കാട്ടി.
ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നാല്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്ക് കാരവാൻ ഉണ്ടാകും. നടിമാർക്ക് ശുചിമുറികള്‍ പോലും ലൊക്കേഷനില്‍ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ സൗകര്യം നല്‍കുന്നത്. കാറ്റടിച്ചാല്‍ പോലും പറന്നു പോകുംവിധമുള്ള താല്‍ക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാരദ റിപ്പോർട്ടില്‍ നിർദേശിക്കുന്നു.
സെറ്റില്‍ ലഹരി ഉപയോഗം വ്യാപകമാണ്. രാത്രിയില്‍ നടിമാർ താമസിക്കുന്ന മുറികളുടെ വാതില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ബഹളം ഉണ്ടാക്കും. സിനിമയില്‍ തന്നെ പ്രവർത്തിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്ക്രീനില്‍ ഇൻ്റിമേറ്റ് സീനുകള്‍ അഭിനയിക്കാൻ തയ്യാറുള്ള നടിമാർ ഇതേകാര്യം സ്ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്ന് കരുതുന്നുവെന്ന് ഒരാള്‍ പറഞ്ഞു.
ഒരു മടിയുംകൂടാതെയാണ് പുരുഷന്മാരായ ആളുകള്‍ സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്നത്. അതിപ്പോള്‍ സ്ത്രീകള്‍ക്ക് താത്പര്യമില്ലെങ്കില്‍പ്പോലും. എന്നാലും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനംചെയ്തുകൊണ്ട് അവർ ഇതേ ആവശ്യമുന്നയിക്കും. ചില പുതിയ പെണ്‍കുട്ടികള്‍ ഈ ചതിയില്‍ വീഴുകയും സമ്മതമില്ലാതെ ലൈംഗികമായി ചൂഷണംചെയ്യപ്പെടുകയും ചെയ്തെന്ന് സിനിമയിലെ ചില സ്ത്രീകള്‍ തങ്ങളോട് പറഞ്ഞെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ