പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18-ല്‍ നിന്ന് ഒന്‍പതായി കുറയ്ക്കുന്നതിനുള്ള ബില്‍ ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
നിയമം ഭേദഗതി ചെയ്യാനുള്ള ഇറാഖ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖ് നീതിന്യായ വകുപ്പാണ് രാജ്യത്തിന്റെ വ്യക്തി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ അവതരിപ്പിച്ചത്. നിലവിലുള്ള നിയമപ്രകാരം ഇറാഖിലെ സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്.
കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്നതാണ് ബില്‍. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയിലുള്ള അവകാശങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഒന്‍പത് വയസ്സ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്കും 15 പൂര്‍ത്തിയായ ആണ്‍കുട്ടിക്കും വിവാഹം കഴിക്കാന്‍ കഴിയും. ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനും കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഉറപ്പുവരുത്താന്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന നടപടികള്‍ക്കും പദ്ധതികള്‍ക്കും തുരങ്കം വയ്ക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാഗ്രൂപ്പും സാമൂഹികപ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്ബ് വിവാഹിതരായിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യൂണിസെഫിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.
ഈ നിയമം പാസാക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ബില്ലുമായി മുന്നോട്ടുപോകരുതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്‌ആര്‍ഡബ്ല്യു) ഗവേഷകയായ സാറാ സന്‍ബാര്‍ പറഞ്ഞു. ഒന്‍പത് വയസ്സ്പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമവിധേയമാക്കുന്നതിലൂടെ ഇറാഖിലെ എണ്ണറ്റ പെണ്‍കുട്ടികളുടെ ഭാവിയും ക്ഷേമവും കവരുകയാണെന്ന് സന്‍ബാര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ കളിസ്ഥലത്തും സ്‌കൂളിലുമാണ് ഉണ്ടാകേണ്ട്. മറിച്ച് വിവാഹവസ്ത്രത്തിലല്ലെന്ന് അവര്‍ കൂട്ടിച്ചേർത്തു.
ഇറാഖ് വിമെന്‍സ് നെറ്റ് വര്‍ക്കിലെ അമന്‍ കബാഷിയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ യാഥാത്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഇറാഖില്‍ ഈ ഭേദഗതി കുടുംബത്തില്‍ പുരുഷമേധാവിത്വം ഉണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
ജൂലൈ അവസാനത്തോടെ ബില്ലില്‍ ഒട്ടേറെ എംപിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചില നിര്‍ദിഷ്ട മാറ്റങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ കൂടുതല്‍ ആധിപത്യമുള്ള ഷിയ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിച്ചു.
1959ലെ നിയമത്തിലാണ് ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത്. ഇറാഖിലെ രാജ വാഴ്ചയുടെ പതിന് ശേഷമാണ് ഈ നിയമം നിലവില്‍ വന്നത്. ഇതോടെ കുടുംബ വ്യവസ്ഥകളുടെ അധികാരം മതപരമായ വ്യക്തികളില്‍ നിന്ന് രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ കീഴിലേക്ക് മാറുകയായിരുന്നു.
ബില്‍ ഇസ്ലാമിക നിയമമനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ 'അധാര്‍മിക ബന്ധങ്ങളില്‍' നിന്ന് സംരക്ഷിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ബാലവിവാഹം പോലുള്ള യഥാര്‍ത്ഥ വെല്ലുവിളികളെ ബില്‍ അവഗണിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
നേരത്തെയും നിയമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം പരാജയമായിരുന്നു ഫലം. അതിനാല്‍ പുതിയ മാറ്റം പ്രാവര്‍ത്തികമാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ