'കേരളം എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്'; വയനാടിനായി സംഭാവന നൽകി അല്ലു അർജുൻ

ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ സംഭാവന നല്‍കിയത്.

വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

മമ്മൂട്ടി, മോഹൻലാല്‍, ദുല്‍ഖർ സല്‍മാൻ, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.

Post a Comment

വളരെ പുതിയ വളരെ പഴയ