'അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അത് തന്നെ കൊടുക്കണം';വയനാട്ടിലേക്ക് തിരിച്ച്‌ സജിനും ഭാവനയും

"ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, എങ്കിലും വയനാട്ടില്‍വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍", വയനാട്ടിലേക്കുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു സഹായസന്നദ്ധത സാമൂഹികമാധ്യമങ്ങളില്‍ ചർച്ചയായിത്തീർന്നിരിക്കുകയാണ്.

ഇടുക്കി ഉപ്പുതറ സ്വദേശിയായ സജിൻ പാറേക്കരയാണ് ഏറ്റവും പവിത്രവും മഹത്തരവുമായ സഹായ സന്നദ്ധത അറിയിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഈ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടുമണിയോടെ കുടുംബസമേതം വയനാട്ടിലേക്ക് യാത്രതിരിച്ചിരിക്കുകയാണ് സജിൻ.

മൊബൈല്‍ നമ്ബർ ഉള്‍പ്പെടെയാണ് സജിന്റെ കുറിപ്പ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. ഇടുക്കി ഉപ്പുതറ സ്വദേശിയാണ് സജിൻ. "ഇളയ മകൻ എല്‍ജിൻ ജനിച്ചിട്ട് നാലുമാസമാകുന്നതേയുള്ളൂ. പാല്‍ കിട്ടാൻ അഞ്ച് മിനിറ്റ് വൈകിയാല്‍ അവൻ കിടന്ന് കരയുന്നതുകണ്ടാല്‍ത്തന്നെ വിഷമമാകും. കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് പറയാനാകില്ലല്ലോ, അവർക്ക് വിശപ്പ് കരച്ചിലൂടെയല്ലേ കാണിക്കാനാകൂ. അവിടെയുള്ള കുഞ്ഞുമക്കളുടെ സ്ഥിതിയും അതുതന്നെയാകില്ലേ. അതോർത്തപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ഓർത്തില്ല", ഇത്തരമൊരു സന്നദ്ധതയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സജിന്റെ പ്രതികരണമിങ്ങനെ.

"ഭാര്യ ഭാവനയോട് ഇക്കാര്യം സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരും ചേർന്നാണ് ഈ തീരുമാനമെടുത്തത്. വാട്സാപ്പ് ഗ്രൂപ്പിലിട്ട ഈ കുറിപ്പ് എങ്ങനെയോ പ്രചരിച്ചു. ഇന്നലെ രാത്രി ഫോണ്‍കോളുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ നാട്ടില്‍നിന്ന് പുറപ്പെട്ടു. മക്കളേയും കൂട്ടിയുള്ള യാത്ര കുറച്ച്‌ പ്രയാസമാണ്. എങ്കിലും ഞങ്ങള്‍ പോകാൻ തന്നെ തീരുമാനിച്ചു. പണംനല്‍കി സഹായിക്കാനുള്ളത്ര സമ്ബത്തൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് കരുതി", സജിൻ കൂട്ടിച്ചേർത്തു. ഈ കുറിപ്പിനെ കുറിച്ച്‌ അന്വേഷിക്കാനായി വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വിളിച്ചപ്പോള്‍ എടപ്പാളിലെത്തിയിരുന്നു സജിനും കുടുംബവും.

Post a Comment

വളരെ പുതിയ വളരെ പഴയ