ചൂരല്‍മല
ചൊവ്വാഴ്ച പുലർച്ച 2.30നാണ് കല്‍പറ്റ ഫയർ സ്റ്റേഷനില്‍നിന്ന് സിവില്‍ ഡിഫൻസ് വളന്റിയർമാരുടെ ഗ്രൂപ്പിലേക്ക് സ്റ്റേഷൻ ഓഫിസറുടെ ആദ്യ സന്ദേശം വരുന്നത്.
മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങളുണ്ട്.
അംഗങ്ങള്‍ എല്ലാവരും കഴിവിന്റെ പരമാവധി അവിടെ എത്തണം. ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തെ അംഗൻവാടി ഉള്‍പ്പെടുന്ന ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിലായിരുന്നു. ഉടൻ പ്രദേശത്തുള്ള ആംബുലൻസുമായി മരം കട്ടർ, കയർ, ഇന്ധനം മുതലായവ എടുത്ത് സുഹൃത്തുക്കളുമായി ചൂരല്‍മലയിലേക്ക്.
കനറാ ബാങ്കിന് സമീപത്ത് എത്തിയപ്പോള്‍ ഹൈവേയില്‍ ശക്തമായ വെള്ളക്കെട്ട്. തിരിച്ച് മുട്ടില്‍ വഴി ചൂരല്‍മലയിലെത്തി. അവിടെ എത്തിയപ്പോള്‍ കൂരിരുട്ടില്‍ നിരവധി ആളുകള്‍ ചളിയും കല്ലും നിറഞ്ഞ നടുറോഡില്‍ രക്ഷാപ്രവർത്തനവുമായി തിരക്കിലാണ്.
മുക്കാല്‍ഭാഗവും തകർന്ന ഒരു കടയുടെ ഉള്ളിലേക്ക് ഒരു വിധത്തില്‍ കയറി നോക്കിയപ്പോള്‍ ശക്തമായ പാചക ഗ്യാസിന്റെ മണം. നിറഞ്ഞുനില്‍ക്കുന്ന ചളിയില്‍ തപ്പി ഗ്യാസ് സിലിണ്ടർ കണ്ടുപിടിച്ച് റെഗുലേറ്റർ വലിച്ചൂരി സിലിണ്ടർ പുറത്തേക്കിട്ടു. അടുത്ത മുറിയിലേക്ക് നോക്കുമ്ബോഴേക്കും എല്ലാവരും ഓടിരക്ഷപ്പെട്ടോളൂ എന്ന അലർച്ച. ഒരു വിധത്തില്‍ പുറത്തിറങ്ങി ദിക്കുപോലും തിരിച്ചറിയാതെ എല്ലാവരും ഒാടി. അടുത്ത ഉരുള്‍പൊട്ടല്‍ അറിഞ്ഞായിരുന്നു അലർച്ച. ഒരു വിധം നേരംവെളുത്തപ്പോള്‍ ഞങ്ങളുടെ വണ്ടിയില്‍ ആദ്യമായി ഒരു കുട്ടിയുടെ ശരീരം സുഹൃത്ത് രമേശും സഹപ്രവർത്തകരും എടുത്തു വെച്ചുതരുന്നു.
വിംസ് ഹോസ്പിറ്റലിലേക്ക് പോകുന്ന സമയത്ത് കുട്ടി സ്ട്രച്ചറില്‍നിന്ന് വീഴാതിരിക്കാൻ നെഞ്ചില്‍ കൈവെച്ചപ്പോള്‍ ചെറിയ ചലനമുള്ളതായി അനുഭവപ്പെട്ടു. ഉടനെ മുഖത്തും മൂക്കിലുമുള്ള ചളിയെല്ലാം വൃത്തിയാക്കി കൃത്രിമ ശ്വാസം കൊടുത്തപ്പോള്‍ കുട്ടിക്ക് ഞരക്കവും ചലനവും അനുഭവപ്പെട്ടു. കുട്ടിക്ക് ജീവനുള്ളതായി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
ഉടനെ മുന്നില്‍ നില്‍ക്കുന്ന ഡ്രൈവറോട് വിട്ടോളീ വിട്ടോളീ എന്ന് ഉച്ചത്തില്‍ പറഞ്ഞു. വിംസ് ഹോസ്പിറ്റലില്‍ എത്തിച്ച് ഡോക്ടർമാർക്ക് കൈമാറി. യഥാർഥത്തില്‍ ഞങ്ങള്‍ കരുതിയിരുന്നത് വണ്ടിയില്‍ കിടത്തിയത് മൃതശരീരം ആയിരുന്നെന്നാണ്. പിന്നീടുള്ള യാത്രകളൊക്കെയും മൃതശരീരങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. രണ്ടാം ദിവസം താല്‍ക്കാലികമായി നിർമിച്ച കമുക് പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് പോയപ്പോള്‍ ആദ്യത്തെ കാഴ്ച വളർത്തു മൃഗങ്ങളുടെ ദയനീയ അവസ്ഥയായിരുന്നു.
മലകയറുമ്ബോള്‍ വിശപ്പ് സഹിക്കാനാവാതെ ഉണക്കച്ചുള്ളി ഭക്ഷിക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ട് ബാഗില്‍ ഉണ്ടായിരുന്ന ബിസ്കറ്റ് കൊടുത്തു. തുടർന്ന് വീടിനുള്ളില്‍ അകപ്പെട്ടിരിക്കുന്ന മൃതശരീരങ്ങള്‍ക്കുവേണ്ടി മേല്‍ക്കൂര തകർത്ത് ആളുകളെ പുറത്തെത്തിക്കുന്ന ദൗത്യത്തിലായിരുന്നു എല്ലാവരും. അതിനിടയില്‍ മണം പിടിച്ചും കൈകാലുകള്‍കൊണ്ട് തിരഞ്ഞും ചളിയിളക്കി നോക്കുന്ന പിക്കാസിനും മട്ടാസിനും ഇടയില്‍ അകപ്പെടാതെ യജമാനന്മാർക്കുള്ള നായ്ക്കളുടെ തിരച്ചില്‍ കണ്ണീരണിയിക്കുന്നതായിരുന്നു.
സിവില്‍ ഡിഫൻസ് വളന്റിയർ, ഗവ. സെക്കൻഡറി പാലിയേറ്റിവ് വളന്റിയർ എന്ന നിലക്ക് ഫയർ ആൻഡ് റെസ്ക്യൂ സേഫ്റ്റി നിലയത്തില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും ലഭിച്ച പരിശീലനം ഈ ഘട്ടത്തില്‍ ഏറെ സഹായിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ