കാണാതായവര്‍ക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങള്‍ കണ്ടെത്താൻ റഡാര്‍ പരിശോധന, സുരേഷ് ഗോപി ഇന്ന് വയനാട്ടില്

കല്‍പ്പറ്റ
മുണ്ടക്കൈ ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാത്തവർക്കായുള്ള ആറാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു.

1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തെരച്ചിലും ഇന്ന് അല്‍പസമയം മുന്‍പ് ആരംഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.

അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്.

ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരല്‍ മലയിലെത്തും. രക്ഷാപ്രവര്‍ത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇന്നത്തെ തെരച്ചില്‍. ചൂരല്‍മലയിലെ ബെയിലി പാലത്തിന് സമീപത്ത് വെച്ച്‌ സൈന്യമായിരിക്കും രക്ഷാപ്രവര്‍ത്തകരെ വിവിധ സംഘങ്ങളായി തിരിച്ചശേഷം ദുരന്തമേഖലയിലേക്ക് കടത്തിവിടുക.

അതേസമയം, ചാലിയാറില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക.

ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചില്‍ നടത്തിയത്. ഇന്നലെ തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ലഭിച്ചിരുന്നു.

ഇന്നും ഇതേ രീതിയില്‍ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തുടര്‍ന്ന് തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.

Post a Comment

വളരെ പുതിയ വളരെ പഴയ