കല്‍പറ്റ
"കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കൂടുതലായി എത്തുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി.
ചില ശരീരങ്ങളിലെ മുറിവുകള്‍ ഭീകരമായിരുന്നു... തലയില്ലാത്ത മൃതദേഹങ്ങളടക്കം പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു." വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്ത ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലേക്കരയുടെ വാക്കുകളാണിത്. ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ 168 പേരുടെ മൃതദേഹങ്ങളാണ് അജിത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയത്.
'ആദ്യം പ്രതീക്ഷിച്ചത് 100 കേസുകളായിരുന്നു. പിന്നീട് ഇത് നൂറിന് മുകളിലാകുമെന്ന് മനസ്സിലായി. മുതിർന്നവരേയും കുട്ടികളേയും കൂടാതെ ഗർഭിണികള്‍ വരെ ഉണ്ടായിരുന്നു. മരണത്തിന് മുമ്ബ് ഉണ്ടായിട്ടുള്ള മുറിവുകളാണ് ആദ്യം കിട്ടിയ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നത്. വേദനാജനകമായ മരണമാണ് ഇവർക്ക് സംഭവിച്ചത്. വികൃതമായ മുഖങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഒറ്റക്കെട്ടായി ഇത് ചെയ്തുനല്‍കാൻ സാധിച്ചു.
"പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്നത്. ശരീരത്തിലെ ആഭരണങ്ങളുടേയോ വസ്ത്രത്തിന്റേയോ വിവരങ്ങള്‍ പോലീസിന്റെ റിപ്പോർട്ടിലുണ്ടാകും. ഇതാണ് ആദ്യഘട്ടത്തിലെ തിരിച്ചറിയല്‍ നടപടി. പിന്നീട് പോസ്റ്റുമോർട്ട സമയത്ത് മൃതദേഹത്തിലെ മറുകുകള്‍, ടാറ്റുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോ എടുക്കും. പോസ്റ്റുമോർട്ടത്തിന് മുമ്ബും ശേഷമുള്ള ചിത്രം പകർത്തി മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ