മലയാള സിനിമ ഭരിക്കുന്നത് 15 അംഗ പവര്‍മാഫിയ, ലഹരി ഉപയോഗിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ചൂഷണം ചെയ്തു , പോക്സോ കേസ് വരെ

തിരുവനന്തപുരം
മലയാള സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

മലയാള സിനിമ ഭരിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘമാണെന്ന് റിപ്പോ‌ർട്ടിലുണ്ട്, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ചൂഷണം ചെയ്യപ്പെടുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രമുഖരായ ചില നടൻമാരും സംവിധായകരും നിർമ്മാതാക്കളും മാത്രമല്ല, പ്രൊഡക്ഷൻ കണ്‍ട്രോളർ വരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.


പതിനഞ്ചംഗ ക്രിമനല്‍ മാഫിയയാണ് മലയാള സിനിമ ഭരിക്കുന്നത്. പവർ മാഫിയ എന്നറിയപ്പെടുന്ന ഇവരാണ് ആരൊക്കെ സിനിമയില്‍ നിലനില്‍ക്കണമെന്ന് തീരുമാനിക്കുന്നത്. ഇവർക്ക് ഇഷ്ടമില്ലാത്തവരെ സിനിമയില്‍ വിലക്കുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടില്‍ പറയുന്നു. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്കാണ് സെറ്റില്‍ കാരവാൻ സൗകര്യങ്ങളൊരുക്കുന്നത്. പോക്‌സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. ലഹരിപാനീയങ്ങളോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം നിരവധി ലൈംഗിക പീഡനങ്ങള്‍ നടന്നിട്ടുണ്ട്. പല അഭിനേതാക്കളും സെറ്റിലെത്തുന്നത് മദ്യം കഴിച്ചിട്ടാണെന്ന് സ്ത്രീകള്‍ കമ്മിറ്റിക്ക് മൊഴി നല്‍കി.

സഹകരിക്കുക, വിട്ടുവീഴ്ചചെയ്യുക. ഈ രണ്ടു വാക്കുകളാണ് സ്ത്രീകള്‍ക്ക് ഏറെ പരിചിതം. അവസരം ലഭിക്കണമെങ്കില്‍ നടന്മാർ മുതല്‍ പ്രൊഡക്ഷൻ കണ്‍ട്രോളർമാർക്കു വരെ കിടക്ക പങ്കിടേണ്ട അവസ്ഥയാണ്.പലരും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്. വളരെ ബോള്‍ഡെന്ന് കരുതുന്ന നടിമാർക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ എല്ലാറ്റിനും കോ‌‌ഡ് ഉണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകള്‍'എന്ന് വിളിക്കും. എതിർക്കുന്നവരെ പ്രശ്നക്കാരെന്ന് മുദ്രകുത്തി 'മീ ടു' ആണെന്ന് പറയും.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിട്ടത് . റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് വെളിച്ചംകണ്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ