ദൈവം തന്നതാണ് അതൊക്കെ. പോയ്‌ക്കോട്ടെ. അയല്‍ക്കാരില്‍ ഒരു കുടുംബം പോയി. അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ കാണുന്ന പ്രദേശത്തൊക്കെ വീടുകളായിരുന്നു. 250ഓളം വീട് ഇതിന്റെ അടുത്തുണ്ട്. മരണ സംഖ്യ എത്രയാണെന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റില്ല.
എന്റെ ഉമ്മാന്റെയും കുട്ടികളെയും ഭാഗ്യം കൊണ്ടാണ് ഞങ്ങള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ആർക്കും അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് അത്രയും വിശ്വാസമായിരുന്നു. ഈ വഴിയിലൊന്നും വെള്ളച്ചാല് പോലും ഇല്ലാത്തതാണ്. ഇവിടെ ഇങ്ങനെ ഒന്നും അല്ലായിരുന്നു.
വളരെ സുന്ദരമായ സ്ഥലം. എല്ലാവരും തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ഞങ്ങളുടെ വിധി. അല്ലാതെ എന്ത് പറയാൻ. ഉരുള്‍ പൊട്ടലില്‍ നിന്നും രക്ഷപെട്ട ഒരാളുടെ പ്രതികരണമാണ് ഇത്. വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ഹൃദയഭേദകമായ കാഴ്ചകള്‍. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാത്രം ഇരുപത്തിയാറോളം മൃതദേഹങ്ങളാണ് ഇതിനോടകം എത്തിച്ചത്. പന്ത്രണ്ട് സ്ത്രീകളുടെയും പതിമൂന്ന് പുരുഷന്മാരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും ചൂരല്‍മല ഭാഗത്തുനിന്നുള്ളവരാണ്. ഇതില്‍ ആറ് പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ടുകള്‍. ഉറ്റവരെ തെരഞ്ഞ് കരഞ്ഞുകൊണ്ട് ആശുപത്രി കേറിയിറങ്ങുന്നവരും കണ്ണീർ കാഴ്ചയാണ്.
തുള്ളിയ്ക്ക് ഒരു കുടം കണക്കെയായിരുന്നു വയനാട്ടില്‍ രണ്ടുദിവസമായുള്ള മഴ. ഒപ്പം മരംകോച്ചുന്ന നണുപ്പും. തിങ്കാഴ്ച രാത്രിയും തോരാമഴയായിരുന്നു മുണ്ടക്കൈയിലും ചൂരല്‍മലയിലുമെല്ലാം. ഇത് ഇത്ര വലിയ നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് ആരും കരുതിയിരിക്കില്ല. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം. ഉരുള്‍ സകലതും കവർന്നു. അത് എത്രപേരുടെ പ്രാണനാണ് കവർന്നതെന്ന് ഇപ്പോഴും നിശ്ചയമില്ല. പ്രാണൻ ബാക്കിയായവർ ഇനിയും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.
ജീവൻ തിരിച്ചുകിട്ടിയവർ ബാക്കിയായ പ്രാണൻ മുറുകെ പിടിച്ച് വാവിട്ട് കരഞ്ഞു. ചിലര്‍ പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി അലമുറയിട്ടു. ആ കരച്ചില്‍ ആദ്യം കേട്ടത് മേപ്പാടിക്കാരാണ്. അവര്‍ കിട്ടുന്ന വണ്ടികളില്‍ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തി. ചെളിയില്‍ പുതഞ്ഞ് കിടക്കുന്നവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം കളിച്ചുവളര്‍ന്നവരെ, ജോലിചെയ്യുന്നവരെ, വര്‍ഷങ്ങളായി പരിചയമുള്ളവരെ മുള്‍പ്പടര്‍പ്പില്‍ നിന്നും കല്ലിനടിയില്‍ നിന്നും പെറുക്കിയെടുത്തു. മനസ് മരവിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയവര്‍ പ്രാണന്‍ പോയി ഒലിച്ചെത്തിയത് സമീപ ജില്ലയിലാണ്. നിലമ്ബൂര്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 19 മൃതദേഹങ്ങളാണ്. ഇനിയും എത്ര വരുമെന്ന് നിശ്ചയമില്ല. ആശങ്കയുടെ ഇരുട്ടാണ് ഈ പകലിലത്രയും. കേരളം ഇന്നോളം കാണാത്തൊരു മഹാദുരന്തമാണ് തോരാമഴ ബാക്കിവെക്കുന്നത്.
ഉരുള്‍പൊട്ടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ മേഖല. കനത്ത നാശനഷ്ടമുണ്ടായ മുണ്ടക്കൈയിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം ഇവിടേക്ക് എത്തിയെന്നവിവരമുണ്ടെങ്കിലും റോഡ് മാര്‍ഗം ആളുകളെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.മുണ്ടക്കൈയിലേക്കുള്ള പാലം പൂര്‍ണമായി തകര്‍ന്നതോടെയാണ് റോഡ് മാര്‍ഗം എത്തിച്ചേരുന്നതിന് പ്രധാന വെല്ലുവിളിയായത്. ഏകദേശം 250-ഓളം പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരങ്ങള്‍. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്‌റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഒലിച്ചുപോയെന്നാണ് വിവരം. ഇവിടങ്ങളില്‍ 65 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 35 തൊഴിലാളികളെ കാണാനില്ലെന്നും വിവരങ്ങളുണ്ട്.
മുണ്ടക്കൈയില്‍ എത്തിച്ചേരുകയെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയില്ല. ആശയവിനിമയം അടക്കം വെല്ലുവിളിയാണ്. നിലവില്‍ എന്‍.ഡി.ആര്‍.എഫിനെ റോപ്പ് ചെയ്ത് മുണ്ടക്കൈയിലേക്ക് എത്തിക്കാനാണ് ശ്രമം. റോഡ് മാര്‍ഗം കുടുങ്ങികിടക്കുന്നവരെ തിരികെയെത്തിക്കാനാകില്ല. ഒന്നുകില്‍ താത്കാലിക പാലം നിര്‍മിക്കണം. അല്ലെങ്കില്‍ എയര്‍ലിഫ്റ്റിങ് സാധ്യത മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മലയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പല വീടുകളും ഇവിടെ ഒലിച്ചുപോയി. ഒരു ഹോംസ്‌റ്റേയിലുണ്ടായിരുന്ന രണ്ട് വിദേശികളടക്കം ഒട്ടേറെപേരെ രക്ഷപ്പെടുത്തി. എല്ലാ വീടുകളിലും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തിവരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ