കോഴിക്കോട്
ശസ്ത്രക്രിയയില്‍ റെക്കോഡ് നേട്ടവുമായി 'സണ്‍റൈസ് ഹോസ്പിറ്റല്‍' ശൃംഖലയുടെ ചെയർമാനും സ്ഥാപകനുമായ ഡോ.ഹഫീസ് റഹ്മാൻ. ലാപ്രോസ്കോപിക് സർജറി, ഗർഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമി, മറ്റ് സാധാരണ ശസ്ത്രക്രിയകള്‍ എന്നിവയടക്കമാണ് ഇദ്ദേഹം മൂന്നര പതിറ്റാണ്ട് നീളുന്ന സേവനത്തിനിടയില്‍ രണ്ടുലക്ഷത്തോളം ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.
സർജറിയില്‍ ഗുജറാത്ത് യൂനിവേഴ്സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം നിലവില്‍ രാജ്യത്തെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമാണ്.
അടിവയറ്റില്‍ പാടോ, രക്തനഷ്ടമോ ഇല്ലാത്ത വിധം ചെറിയ മുറിവിലൂടെ കാമറ പ്രവേശിപ്പിച്ച് നടത്തുന്ന ലാപ്രോസ്കോപിക് സർജറിയിലെ പ്രാഗത്ഭ്യത്തിനുള്ള അംഗീകാരമായി ഇദ്ദേഹത്തെ യു.എ.ഇയിലെ ആദ്യ ഇന്ത്യൻ ഫാക്കല്‍റ്റിയായി തിരഞ്ഞെടുത്തിരുന്നു. മെഡിക്കല്‍ രംഗത്ത് സൃഷ്ടിച്ച സേവനങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ 'ഡോക്ടർ രസാദ് പാസിക് അമേരിക്കൻ ജേണല്‍ ഓഫ് എൻഡോസ്കോപ്പി'യില്‍ ഇദ്ദേഹത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മലേഷ്യ, ദുബൈ, പാകിസ്താൻ, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കുപുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചശേഷം 2005ലാണ് ഇദ്ദേഹം കൊച്ചി ആസ്ഥാനമായി 'സണ്‍റൈസ് ഹോസ്പിറ്റല്‍' ശൃംഖലക്ക് തുടക്കമിട്ടത്.
നിലവില്‍ ഗൈനക്ക് എൻഡോസ്കോപ്പി സൊസൈറ്റിയായ 'ഇമേജി' ന്‍റെ സ്ഥാപക ഉപാധ്യക്ഷനായ ഡോ. ഹഫീസ് റഹ്മാൻ നേരത്തെ ഇന്ത്യൻ എൻഡോസ്കോപ്പി ഫോറം സെക്രട്ടറി, 'ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ ചെയർമാൻ, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ