ഞാൻ പഠിപ്പിച്ച മക്കളും രക്ഷിതാക്കളുമാണ് മരിച്ചുവീണത്.. എല്ലാം എന്റെ പ്രിയപ്പെട്ടവര്‍... ഇനി ഞാനെങ്ങനെ പഠിപ്പിക്കും?' -നെഞ്ചുപൊട്ടി ഉണ്ണിമാഷ്

''ഇനി ഞാനെങ്ങനെ അവിടെ നില്‍ക്കും? ഞാൻ പഠിപ്പിച്ച എന്റെ മക്കളും അവരുടെ രക്ഷിതാക്കളും വേണ്ടപ്പെട്ടവരുമാണ് മരിച്ചുവീണതും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും.

സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യരാണവർ. അവർക്കിടയില്‍ കളിച്ചും ചിരിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോള്‍ 17 കൊല്ലം പോയത് ഞാൻ അറിഞ്ഞിട്ടില്ല..' -ഉണ്ണിമാഷ് ഇത് പറയുമ്ബോള്‍ ശബ്ദമിടറുന്നുണ്ടായിരുന്നു.

വയനാട്ടിലെ ഉള്‍ഗ്രാമമായ ചൂരല്‍മല വെള്ളാർമല ജി.വി.എച്ച്‌.എസ്.എസ് സ്കൂളില്‍ 2006ല്‍ മലയാളം അധ്യാപകനായി എത്തിയതാണ് ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ മാസ്റ്റർ. ചൂരല്‍മല നിവാസികളുടെ സ്നേഹത്തിനുമുന്നില്‍ സ്വന്തം നാടിനെ പോലും ഉപേക്ഷിച്ച്‌ 17 വർഷമായി ഇവിടെ തന്നെ സേവനം തുടരുകയാണ് അദ്ദേഹം. 26 അധ്യാപകരുള്ള ഈ വിദ്യാലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി സർവിസുള്ളതും ഇദ്ദേഹത്തിനാണ്.

'എല്ലാവരും എന്റെ വിദ്യാർഥികളാണ്. പഴയ ആ സ്കൂള്‍ ഇനി തിരിച്ചുകിട്ടില്ല. ഇനി ആര് അവിടെ താമസിക്കും... എങ്ങനെ അവിടെ പഠിപ്പിക്കും? ദുരന്തഭൂമിയല്ലേ അത്? വിദ്യാലയമല്ലല്ലോ...'

സ്കൂളിനടുത്ത് തന്നെ ഷീറ്റ് മേഞ്ഞ കെട്ടിടത്തിലായിരുന്നു ഉണ്ണിമാഷും രണ്ട് സഹപ്രവർത്തകരും താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കടുത്ത മഴ ആയതിനെ തുടർന്ന് സുരക്ഷയെ കരുതി മൂവരും താമസം സ്കൂളിലേക്ക് മാറ്റി. അതിനിടെ കഴിഞ്ഞ ദിവസം

അമ്മയുടെ ചേച്ചി മരിച്ചതിനെ തുടർന്ന് ഇദ്ദേഹം നാട്ടില്‍ പോയി. കൂട്ടുകാർ താമസം മേപ്പാടിയിലേക്കും മാറ്റി. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ നാട്ടില്‍ തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ദുരന്ത വാർത്ത അറിയുന്നത്. ഉടൻ ട്രെയിനില്‍ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.


14 കി.മി ചുറ്റളവില്‍ ഞങ്ങളുടെ സ്കൂള്‍ മാത്രമാണ് ഉള്ളത്. ഗ്രാമത്തിലുള്ള എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാം. വൈകീട്ട് നാട്ടിലെ പുരുഷന്മാരെല്ലാം ചൂരല്‍മല അങ്ങാടിയില്‍ വരും. ഏറെ നേരം സംസാരിച്ചിരിക്കും. ഒത്തിരി സ്നേഹമുള്ളവരായിരുന്നു അവർ... നല്ല മനുഷ്യന്മാർ... എല്ലാം ഒരുരാത്രി കൊണ്ട് അവസാനിച്ചില്ലേ...' -കണ്ഠമിടറിക്കൊണ്ട് ഉണ്ണിമാഷ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ