തിരുവനന്തപുരം
സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെതിരേ പാർട്ടി കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ സിപിഐ ഏറ്റുപിടിച്ചിരിക്കുന്നത്.
ജയരാജന്‍റെ മകൻ ക്വട്ടേഷൻ സംഘാംഗമാണെന്നും പാർട്ടി ഇയാളെ സംരക്ഷിക്കുകയുമാണെന്നുമായിരുന്നു മനുവിന്‍റെ ആരോപണം. ഇതു കണ്ണൂർ സിപിഎമ്മില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കേയാണു സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ ആരോപണം ഏറ്റുപിടിച്ച് ഇപ്പോള്‍ വിമർശനവുമായി എത്തിയിരിക്കുന്നത്.
കണ്ണൂരില്‍നിന്നും കേള്‍ക്കുന്ന വാർത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശം.
കയ്യൂരിന്‍റെയും കരിവള്ളൂരിന്‍റെയും തില്ലങ്കേരിയുടെയും പാരന്പര്യമുള്ള മണ്ണാണത്. അവിടെ നിന്നു സ്വർണം പൊട്ടിക്കുന്നതിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകള്‍ പുറത്തുവരുന്നതു ചെങ്കൊടിക്ക് അപമാനമാണ്.
സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്‍റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്‍റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്നു ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍നിന്നു ബോധപൂർവം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിനു ജനവിശ്വാസം വീണ്ടെടുത്തു മുന്നേറാൻ ആകൂ.
പ്രസ്ഥാനത്തില്‍ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോടു നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണു കമ്മ്യൂണിസ്റ്റുകാർക്കു വലുത്.
ചീത്തപ്പണത്തിന്‍റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്കു മാപ്പില്ലായെന്നു പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കുമെന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ