വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗില്‍ ജോബി മാത്യുവിന് വെങ്കലം

കൊച്ചി: ദുബായില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാമ്ബ്യൻഷിപ്പില്‍ 59 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ ആലുവ സ്വദേശി ജോബി മാത്യു വെങ്കല മെഡല്‍ സ്വന്തമാക്കി.

ഒക്ടോബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് തുല്യമായ ഏഷ്യൻ പാരാഗെയിംസില്‍ പങ്കെടുക്കാനും യോഗ്യത നേടി.
2024 പാരീസ് പാരാലിംപിക്‌സിലേക്ക് യോഗ്യത നേടാനുള്ള ടൂര്‍ണമെന്റ് കൂടിയാണ് ദുബായില്‍ നടന്നത്. വിവിധ ഇനങ്ങളില്‍ 29 ലോക മെഡലുകള്‍ ഇതുവരെ ജോബി മാത്യു നേടിയിട്ടുണ്ട്.

ഭാരത് പെട്രോളിയത്തിലെ മാനേജരായ ജോബി മാത്യു 60 ശതമാനം ശാരീരിക വെല്ലുവിളികളോടെ ജനിച്ച വ്യക്തിയാണ്. പാലാ അടുക്കം സ്വദേശിയാണെങ്കിലും 25 വര്‍ഷമായി ആലുവയിലാണ് താമസിക്കുന്നത്. ജെ.പി സിംഗാണ് നാഷണല്‍ പാരാ പവര്‍ലിഫ്റ്റിംഗില്‍ ജോബി മാത്യുവിന്റെ പരിശീലകൻ.
രണ്ടിന് ഉച്ചക്ക് 2.30ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന ജോബി മാത്യുവിന് ആലുവയിലെ സുഹൃത്തുക്കളും ഫിറ്റ്‌വെല്‍ ഹെല്‍ത്ത് ക്ലബും കായിക, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കും.

Post a Comment

വളരെ പുതിയ വളരെ പഴയ