കണ്ണൂർ>
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഷോഷങ്ങള്‍ ജില്ലയിലും വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ജില്ലയില്‍ നടപ്പാക്കുക. ആഗസ്റ്റ് 17ന് വൈകിട്ട് 4.30ന് നടക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. 1996 മുതലുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും രജത ജൂബിലി ഉപഹാരം നല്‍കി ആദരിക്കും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഇതിനായി ആഗസ്ത് ഏഴിന് മുമ്പ് തദ്ദേശസ്ഥാപന തലത്തില്‍ സംഘാടക സമിതി രൂപീകരിക്കും.
രജത ജൂബിലി സ്മാരകങ്ങളെന്ന നിലയില്‍ ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സാധ്യമായ എല്ലാ ഇടങ്ങളിലും ചെറുതും വലുതുമായ മിയോവാക്കി വനങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ സ്ഥലങ്ങള്‍ കണ്ടെത്തും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് അതത് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ ഇവ വച്ചുപിടിപ്പിക്കും. നഗരപ്രദേശങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും ഇവ സൃഷ്ടിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനുമായി ഒരു സാങ്കേതിക ടീമിന് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ പദ്ധതികള്‍ തദ്ദേശസ്ഥാപന തലത്തില്‍ ഊര്‍ജിതമാക്കണമെന്ന് പി പി ദിവ്യ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഇതിന് അനുഗുണമായ പദ്ധതികള്‍ വയ്ക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ലഭിക്കുന്ന പരാതികളില്‍ വാര്‍ഡ്തലത്തില്‍ സത്വര പരിഹാരം കാണുന്നതിന് ജാഗ്രതാ സമിതികള്‍ മുന്നിട്ടിറങ്ങണമെന്നും പി പി ദിവ്യ നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ ശേഷി വളര്‍ത്തുന്നതിന് അവര്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കണം. സ്ത്രീ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അവര്‍ പറഞ്ഞു.
നടപ്പു വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ സ്പില്‍ഓവര്‍ പദ്ധതികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അന്തിമമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ വിഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷം ചെലവാകാതെ കിടന്ന തുകയുടെ 20 ശതമാനവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് പൂര്‍ണമായും ഇത്തവണ വാര്‍ഷിക പദ്ധതികള്‍ക്കായി വിനിയോഗിക്കാനാവും. ഇതിനായി ആഗസ്ത് 10നകം ഭരണസമിതി യോഗം ചേരണം. ഇടക്കാലത്ത് കൂട്ടിച്ചേര്‍ത്ത കൊവിഡ് സ്പെഷ്യല്‍ പദ്ധതികള്‍, ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി വേണം അന്തിമ പദ്ധതി തയ്യാറാക്കേണ്ടതെന്നും അവര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡിപിസി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡിപിസി സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിപിസി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യന്‍, എന്‍ പി ശ്രീധരന്‍, വി ഗീത, കെ താഹിറ, അഡ്വ ടി സരള, അഡ്വ. കെ കെ രത്നകുമാരി, ലിസി ജോസഫ്, കെ വി ലളിത, പി പുരുഷോത്തമന്‍, ഡിപിസിയിലെ സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ