ജോലി ഒഴിവ്, വിദ്യാഭ്യാസം, സ്കോളർഷിപ്, അപേക്ഷ ക്ഷണിച്ചു, പട്ടയ കേസ്, സ്വയംതൊഴിൽ വായ്പാ പദ്ധതികൾ, ഭവന വായ്പ

കണ്ണൂർ>

ഡിജിറ്റല്‍ ബിസിനസ് മോഡല്‍ ഐസിഎം ശില്‍പശാല 29ന്

കൊവിഡ് കാലത്തെ മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ച് സഹകരണ മേഖലയിലും സമാന സ്ഥാപനങ്ങളിലും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഡിജിറ്റല്‍ മോഡല്‍ ബിസിനസിനെ പറ്റിയുള്ള ഓണ്‍ലൈന്‍ ശില്‍പശാല ജൂലൈ 29ന് രാവിലെ 11 മണി മുതല്‍ നടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, മൈസോണ്‍ സ്റ്റാര്‍ട്ട് അപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാലയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എന്‍ സി സി ടി സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര അധ്യക്ഷനാകും. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വി രാമകൃഷ്ണന്‍, മൈസോണ്‍ ചെയര്‍മാന്‍ ഷെലിന്‍ സുഗുണന്‍, എംഡി കെ സുഭാഷ് ബാബു. ഐസിഎം ഡയറക്ടര്‍ എം വി ശശികുമാര്‍, ഫാക്കല്‍റ്റി അംഗം വി എന്‍ ബാബു എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ധനകാര്യ-ക്ഷീര-മത്സ്യ-വിപണി മേഖലകളിലെ ജില്ലയിലെ സഹകാരികളും ജീവനക്കാരും വകുപ്പുദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുക്കും.

ജാഗ്രത പാലിക്കണം

കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെ നാളെ (ജൂലൈ 28) ശക്തമായ തിരമാലയ്ക്ക് സാധ്യത. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

പ്രൊജക്ട് മാനേജര്‍ നിയമനം

ജില്ലാ പഞ്ചായത്തും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സുരക്ഷ (മൈഗ്രന്റ് ടാര്‍ജറ്റ് ഇന്റര്‍വെന്‍ഷണല്‍ പ്രോഗ്രാം) പദ്ധതിയില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  എം എസ് ഡബ്ല്യു, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഹിന്ദി ഭാഷ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ആഗസ്ത് രണ്ടിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700205.

ഒ ബി സി വിഭാഗങ്ങള്‍ക്ക് വീട് നിര്‍മ്മാണ വായ്പ

ഒബിസി വിഭാഗങ്ങളില്‍പെടുന്നവരും കുടുംബവാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവരുമായ ഭവനരഹിതര്‍ക്ക് പുതിയ വീട് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നു. എട്ട് ശതമാനമാണ് പലിശ നിരക്ക്. പ്രായപരിധി 18 നും 55 നും മധ്യേ. അപേക്ഷകന് സ്വന്തമായി ആറ് സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ആവശ്യമാണ്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മൂന്നു മണിവരെ കണ്ണൂര്‍, പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായോ www.ksbcdc.comലോ ബന്ധപ്പെടുക.

ഖാദിക്ക് കണ്ണൂരിന്റെ ഒരു കൈത്താങ്ങ് ഓണ്‍ലൈന്‍ യോഗം നാളെ

കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഖാദിമേഖലയ്ക്ക് തുണയേകാന്‍ ഖാദിക്ക് കണ്ണൂരിന്റെ ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കോര്‍കമ്മറ്റിയോഗം ജൂലൈ 28(ബുധന്‍) 11 മണിക്കും തദ്ദേശ സ്വയഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം 12 മണിക്കും ഓണ്‍ലൈനായി ചേരും. സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന യോഗങ്ങളില്‍ മുഴുവന്‍ കമ്മിറ്റി അംഗങ്ങളും കോര്‍കമ്മിറ്റി അംഗങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ബാലാവകാശവും അനുബന്ധ നിയമങ്ങളും ഫെയ്‌സ് ലൈവ് നാളെ

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ കെ വി മനോജ് കുമാര്‍ 'ബാലവകാശവും അനുബന്ധ നിയമങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്ന് ജൂലൈ 28 ബുധന്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഫേസ്ബുക്ക് പേജില്‍ ബാലസഭ കുട്ടികളുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ സംവദിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ കൊവിഡ് വാക്‌സിനേഷനില്ല

ജില്ലയില്‍ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ നാളെ (ജൂലൈ 28) കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക്‌സിന്‍ സ്റ്റോക്ക് വരുന്ന മുറക്ക് പ്രവാസികള്‍ അവരുടെ സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം എടുക്കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് 84 ദിവസത്തിന് മുന്‍പ് വാക്‌സിനെടുക്കാന്‍ അനുവദിക്കുന്നതല്ല. കേരള സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഇ ഹെല്‍ത്ത് ( covid19.kerala.gov.in ) വഴി രജിസ്റ്റര്‍ ചെയ്ത് മാത്രം വാക്‌സിന്‍ എടുക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ ഡോസ് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം.

Post a Comment

വളരെ പുതിയ വളരെ പഴയ