നാട്ടിൽ നിന്നും നേടാം; ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ്

തിരുവനന്തപുരം>

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ സൗകര്യമൊരുക്കി ഗതാഗത മന്ത്രാലയം. 

മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് നിശ്ചിത കാലത്തേക്ക് അവിടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിനാണ് ഇപ്പോൾ സൗകര്യമൊരുക്കിയിരിക്കുന്നത്. 

നിയമപരമായ കടമ്പകൾ കടന്ന് അവിടങ്ങളിൽ  അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയാൽ മാത്രമേ ഓരോ രാജ്യത്തും വാഹനം ഓടിക്കാൻ അനുവദിക്കാറുള്ളൂ.  

ജോലി, വിസിറ്റ് വീസ, വിനോദ സഞ്ചാരം, പഠനം തുടങ്ങിയവക്കായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷം ആളുകളും നേരിടുന്ന ആദ്യ പ്രതിസന്ധി ഡ്രൈവിംഗ് ലൈസൻ നേടുന്നതിലെ സാങ്കേതിക പ്രശനങ്ങളാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയാറുള്ളൂ. എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനൽ ലൈസൻസ് ലഭിച്ചാൽ മാത്രമേ ഡ്രൈവിംഗ് ക്ലാസുകളിൽ ചേരാൻ സാധിക്കുകയുള്ളൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുകയും വേണം. ഇതാണ്  വിദേശത്ത് ചെന്നാൽ പലർക്കും ലൈസൻസ് എടുക്കാൻ കഴിയാതെ പോകുന്നത്.

ഈ സാഹചര്യത്തിലാണ് ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നടപ്പാക്കിയിരിക്കുന്നത്. 
നിലവിൽ ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതിയുണ്ടെങ്കിലും പൂർണ നിയമ പരിരക്ഷ ലഭ്യമല്ല. ഈ പ്രതിസന്ധിക്കാണ് ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ് വഴി പരിഹാരമായിരിക്കുന്നത്. 

വിവിധ രാജ്യങ്ങളിൽ ആറ് മാസം മുതൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻ ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള നിയമപരമായ അനുവാദമാണ് ഐഡിപി.

ഓരോ രാജ്യത്തെയും ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ വ്യത്യസ്തമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കണം. 

ഇന്ത്യയിൽ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളയാൾക്ക് ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റിന് (ഐഡിപി) അപേക്ഷിക്കാം.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്, സാധുവായ ഇന്ത്യൻ പാസ്പോർട്ട്, സന്ദർശിക്കുന്ന രാജ്യത്തിന്റെ വീസ, വിമാന ടിക്കറ്റ് എന്നിവരാണ് അപേക്ഷ നൽകാൻ ആവശ്യമായ രേഖകൾ.

മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് ഐഡിപി ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
പരിവാഹൻ വെബ്സൈറ്റിൽ ‘സാരഥി’ ഓപ്ഷൻ തിരഞ്ഞെടുത്ത് ‘അപ്ലൈ ഓൺലൈൻ’ ക്ലിക് ചെയ്യുമ്പോൾ ‘സർവീസസ് ഓൺ ഡ്രൈവിംഗ് ലൈസൻസ്’ ലഭിക്കും. ഇതിൽ ‘ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്’ സെലക്ട് ചെയ്ത് പ്രസ്തുത രേഖകൾ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിർദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക. തുടർന്ന് ഇവയുടെ പ്രിന്റ് ഔട്ട് ഡ്രൈവിംഗ് ലൈസൻസിലെ വിലാസമുള്ള സ്ഥലത്തെ ആർടി ഓഫിസിൽ സമർപ്പിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഇവിടെ നിന്ന്  ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ് അനുവദിക്കും. 

ഇന്റർനാഷനൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് 
മറ്റ് രാജ്യങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഇന്ത്യയിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഒപ്പം കരുതണം. ഇന്ത്യയിൽ ഏത് വാഹനം ഓടിക്കാനാണോ ലൈസൻസ് ഉള്ളത് അതേ ഗണത്തിൽ പെട്ട വാഹനം മാത്രമേ വിദേശത്തും ഓടിക്കാനാവൂ. 

ഇന്റർനാഷനൽ ഡ്രൈവിംഗ് ലൈസൻസ് എന്ന പേരിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ  ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ