• പ്രത്യേക ലേഖകൻ
കണ്ണൂർ >
കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിലൊന്നായ അഴീക്കോട് തിരിച്ച് പിടിക്കാൻ സിപിഎം. അഴീക്കോട് പിടിച്ചെടുക്കേണ്ടത് നിലവിൽ അഭിമാനപ്രശനം കൂടിയായാണ് സിപിഎം കാണുന്നത്.
മണ്ഡല പുനർനിർണയത്തോടെ 1976 ൽ രൂപീകൃതമായ അഴീക്കോട് നിയമസഭ മണ്ഡലത്തിൽ ആദ്യം തെരെഞ്ഞെടുപ്പ് നടക്കുന്ന് 1977 ലാണ്. സിപിഎം ലെ ചടയൻ ഗോവിന്ദൻ മുതൽ മുസ്ലിം ലീഗിൻ്റെ കെ എം ഷാജി വരെ ഇവിടെ നിന്ന് നിയമസഭയിലേക്കെത്തിയിട്ടുണ്ട്. ജില്ലയിൽ നിന്ന് ആദ്യമായി വനിതാ എംഎൽഎ യെ സമ്മാനിച്ചതും അഴീക്കോടാണ്. 1980 ലും 82 ലും മഹിളാ അസോസിയേഷൻ ദേശിയ ജോയിൻ്റ് സെക്രട്ടറി പി ദേവൂട്ടി ഇവിടെ നിന്ന് നിയമഭയിലെത്തി.
1977 മുതൽ 2016 വരെ നടന്ന 11 നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ എട്ടെണ്ണത്തിലും വിജയിച്ചത് സിപിഎം തന്നെയായിരുന്നു. 1987 ൽ സിഎംപി സ്ഥാനാർഥിയായി മത്സരിച്ച എം വി രാഘവനോട് സിപിഎമ്മിൻ്റെ ഇ പി ജയരാജൻ 1389 വോട്ടുകൾക്കാണ് തോറ്റത്. തുടർന്നിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പൊന്നാപുരം കോട്ട കാത്ത് സൂക്ഷിക്കാൻ സിപിഎമ്മിനായി.
എന്നാൽ 2011 ലെ തെരെഞ്ഞെടുപ്പിൽ വയനാട് ചുരം ഇറങ്ങിയെത്തിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ കെ എം ഷാജി അഴീക്കോട് സിറ്റിംഗ് എംഎൽഎ കൂടിയായ സിപിഎമ്മിലെ എം പ്രകാശൻ മാസ്റ്ററെ തോൽപ്പിച്ചു. 2016 എം വി രാഘവൻ്റെ മകനും മാധ്യമപ്രവർത്തകനുമായ എം വി നികേഷ് കുമാറിനെ രംഗത്തിറക്കി മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും വീണ്ടും ഷാജിക്ക് മുന്നിൽ അടിതെറ്റി.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ അഴീക്കോടിനെ തങ്ങളുടെ കൂടെ നിർത്താനുള്ള ആലോചനകളിലാണ് സിപിഎം. വയനാട് നിന്നെത്തി മണ്ഡലം പിടിച്ചെടുത്ത ഷാജി ഇത്തവണ അഴീക്കോട് മത്സരിക്കാൻ സാധ്യതയില്ല. കോഴിക്കോട് ജില്ലയിലെ സുരക്ഷിത മണ്ഡലം തേടുകയാണദ്ദേഹം. അങ്ങനെയെങ്കിൽ അഴീക്കോട് നിലനിർത്തേണ്ടത് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ പേര് അഴീക്കോട് ഉയർന്നു വന്നെങ്കിലും ജില്ലാ ലീഗ് നേതൃത്വത്തിന് അതിൽ അതൃപ്തിയുണ്ട്. കെ എം ഷാജി ഇല്ലെങ്കിൽ ജില്ലക്കകത്തു നിന്നുള്ളയാൾ തന്നെ മത്സരിപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ ലീഗ് നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കത്വ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് പി കെ ഫിറോസിനെതിരെ ആരോപണമുയർന്ന സ്ഥിതിക്ക് അദ്ദേഹത്തെ അഴീക്കോട് കെട്ടിയിറക്കുന്നതിൽ നേതൃത്വത്തിൽ അതൃപ്തിയുണ്ട്.
അങ്ങനെയെങ്കിൽ മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി കെ അബ്ദുൾഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരുടെ പേരുകൾ മണ്ഡലത്തിലേക്ക് ഉയരുന്നുണ്ട്. മണ്ഡലം തിരിച്ച് പിടിക്കാൻ ഐഎൻഎൽ നു സീറ്റ് നൽകി ഖാസിം ഇരിക്കൂറിനെ പരിണിക്കാനും എൽഡിഎഫ് നേതൃത്വം ആലോചിക്കുന്നു.
എന്നാൽ സിപിഎമ്മിന് സംഘടനാ സംവിധാനം ശക്തമായുള്ള അഴീക്കോട് സിപിഎം തന്നെ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെയും അണികളുടെയും താൽപര്യം.
സിപിഎം തന്നെ മത്സരിക്കുകയാണെങ്കിൽ ജില്ലാ കമ്മറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ വി സുമേഷിനാണ് സാധ്യത. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാവായി വളർന്നു വന്ന സുമേഷിന് വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ഏറെ സ്വാധീനമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളും പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സുമേഷിന് ജനപിന്തുണ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. കെ വി സുമേഷ് മത്സരിക്കുകയാണെങ്കിൽ അനായാസം അഴീക്കോട് താണ്ടാമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ