ഭരണത്തിൽ തുടരുന്നത് ബുദ്ധിമുട്ടാകും; കേന്ദ്രത്തിന് കർഷകരുടെ മുന്നറിയിപ്പ്

ദില്ലി >
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അധികാരത്തിൽ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന്
കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക സമര നേതാവ് രാകേഷ് ടികായത്ത്. ഹരിയാനയിലെ ജിന്ദിൽ നടന്ന കർഷകരുടെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ ജനാവലിയാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്.  കർഷകസമരത്തെ പിന്തുണച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം യോഗങ്ങൾ നടന്നുവരികയാണ്.

കഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു. സർക്കാരുമായി സംസാരിച്ചു. എന്നാൽ അവരതിന് തയാറാവുന്നില്ല. കേന്ദ്ര സർക്കാർ ശ്രദ്ധയോടെ കേൾക്കണമെന്ന് പറഞ്ഞ അദ്ദേഹം അധികാരത്തിൽ നിന്ന് നിങ്ങളെ നീക്കണമെന്ന് യുവജനങ്ങൾ തീരുമാനിച്ചാൽ നിങ്ങൾ എന്തു ചെയ്യുമെന്നും ചോദിച്ചു.

റിപ്പബ്ലിക് ദിനത്തിലുണ്ടായ ചില സംഭവങ്ങളുടെ ചുവട് പിടിച്ച് നീതിക്കായി പോരാടുന്ന കർഷകരെ അതിർത്തികളിൽ നിന്ന് ഒഴിപ്പിക്കാനും അറസ്റ്റ് ചെയ്ത് നീക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാകേഷ് ടികായത്ത് നടത്തിയ ചെറുത്തുനിൽപ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ നിന്ന് ജാട്ട് വിഭാഗത്തിൽപെട്ടവർ കൂട്ടത്തോടെ പിന്തുണയർപ്പിച്ച് കഷക പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇതോടെ നടപടികൾ അവസാനിപ്പിച്ച് സർക്കാർ പിൻവാങ്ങി.

പ്രതിഷേധക്കാരെ തടയാൻ വലിയ സിമന്റ് ബാരിക്കേഡുകളും മുൾകമ്പികളും ഉപയോഗിച്ച് തടസങ്ങൾ സൃഷ്ടിക്കുകയും ട്രാക്ടറുകൾ പഞ്ചറാക്കുന്നതിൽ ഇരുമ്പ് പ്രതലത്തിൽ ആണികൾ ഘടിപ്പിച്ച് റോഡുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടികളോട് രാകേഷ് ടികായത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, രാജാവ് ഭയപ്പെടുമ്പോൾ കോട്ടകൾ സുരക്ഷിതമാക്കും.

അഞ്ച് പ്രമേയങ്ങൾ ഇന്നത്തെ മഹാപഞ്ചായത്തിൽ പാസാക്കി. കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്ന ആവശ്യത്തിന് പുറമെ, വിളകൾക്ക് മിനിമം താങ്ങുവില, വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാർഷിക വായ്പ എഴുതിത്തള്ളൽ, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തെത്തുടർന്ന് അറസ്റ്റുചെയ്ത കർഷകരെ മോചിപ്പിക്കുക എന്നിവയും പ്രമേയങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാണയിലെ വിവിധ ഖാപ് നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ