സാന്ത്വന സ്പര്‍ശം; തളിപ്പറമ്പില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത് 1528; അപേക്ഷകള്‍ചികില്‍സാ സഹായമായി 64.29 ലക്ഷം രൂപ വിതരണം ചെയ്തു


തളിപ്പറമ്പ് >
ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്തിന് മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ് താലൂക്കില്‍ നിന്ന് 907ഉം പയ്യന്നൂര്‍ താലൂക്കില്‍ നിന്ന് 621ഉം ഉള്‍പ്പെടെ 1528 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. പയ്യന്നൂര്‍ താലൂക്കില്‍ നിന്നുള്ള 144 അപേക്ഷകര്‍ക്കായി 22,26,000 രൂപയും തളിപ്പറമ്പ് താലൂക്കില്‍ നിന്നുള്ള 252 അപേക്ഷകര്‍ക്കായി 42,03,000 രൂപയും ഉള്‍പ്പെടെ 64,29,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായമായി അദാലത്തില്‍ അനുവദിച്ചു.
വിവിധങ്ങളായ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും എല്ലാവര്‍ക്കും നീതിയും സംരക്ഷണവും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അദാലത്തില്‍ പുതുതായി ലഭിച്ച മുഴുവന്‍ അപേക്ഷകളിലും പരമാവധി ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി നല്‍കിയ മുന്‍ഗണനാ കാര്‍ഡുകള്‍ സംബന്ധിച്ച അപേക്ഷകളാണ് അദാലത്തില്‍ ആദ്യം പരിഗണിച്ചത്. മുന്‍ഗണനാ കാര്‍ഡ് അനുവദിച്ച അപേക്ഷകര്‍ക്ക് മന്ത്രിമാര്‍ വേദിയില്‍ വെച്ച് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കു പുറമെ, നേരിട്ട് എത്തുന്നവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച അദാലത്ത് രാത്രി 8.15 വരെ നീണ്ടു.
റവന്യൂ (369), സിഎംഡിആര്‍എഫ് (240), സിവില്‍ സപ്ലൈസ് (168), ബാങ്ക് വായ്പ (64), പഞ്ചായത്ത് (40), ലൈഫ് (15) തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കൂടുതലായി അദാലത്തിലെത്തിയത്. നേരത്തേ ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്തുകള്‍ ഇരിട്ടിയിലും കണ്ണൂരിലുമായി നടന്നിരുന്നു.
തളിപ്പറമ്പില്‍ നടന്ന അദാലത്തില്‍ മന്ത്രിമാര്‍ക്കു പുറമെ, ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്സി, തളിപ്പറമ്പ് തഹസില്‍ദാര്‍ പി കെ ഭാസ്‌കരന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ