ടി എം കൃഷ്ണയുടെ സംഗീത കച്ചേരി'ആഴിയും തിരയും' 26 ന് ടൗണ്‍ സ്‌ക്വയറില്‍

കണ്ണൂർ >
ശ്രീനാരായണ കീര്‍ത്തനങ്ങളുടെ അകംപൊരുള്‍ ഇതിവൃത്തമാക്കി പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ അവതരിപ്പിക്കുന്ന 'ആഴിയും തിരയും' സംഗീത കച്ചേരി ജനുവരി 26 ന് വൈകിട്ട് 6.30 മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ അരങ്ങേറും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സംഗീത സായാഹ്നത്തില്‍ അക്കര സുബ്ബലക്ഷ്മി(വയലിന്‍), ബി ശിവരാമന്‍(മൃദംഗം), എന്‍ ഗുരുപ്രസാദ്(ഘടം) എന്നിവരും അണിനിരക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പാസ് മുഖേന പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.
കൊവിഡ് പശ്ചാത്തലത്തില്‍ നിലച്ചുപോയ സാസ്‌കാരിക പരിപാടികള്‍ പുനരാരംഭിക്കുന്നതിന്റെ തുടക്കമായാണ് സംഗീത കച്ചേരിയെ കാണുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുരുവിന്റെ കൃതികള്‍ സംഗീതരൂപത്തില്‍ പരമാവധി ജനങ്ങളിലെത്തിക്കുക എന്ന ആശയത്തില്‍ നിന്നാണ് ഇങ്ങനെ ഒരു കച്ചേരി ആസൂത്രണം ചെയ്തത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ അടിത്തറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 72-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിവരികയാണ്. ജനാധിപത്യത്തിനും മതേതരത്വത്തതിനും നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ സാംസ്‌കാരിക രംഗത്ത് വലിയ ഇടപെടല്‍ നടത്തുന്ന ടി എം കൃഷ്ണ നാരായണ ഗുരുവിനെ പാടുമ്പോള്‍ മാനവിക ഐക്യം ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടാതിരിക്കാനുമുള്ള ദൗത്യമായത് മാറുന്നു. നൂല്‍ ആര്‍ക്കൈവ്‌സ് ബാന്‍ഡിന്റെയും ബാക്ക് വാട്ടേഴ്‌സ് കലക്ടീവിന്റെയും സഹകരണത്തോടെയാണ് ആഴിയും തിരയും കണ്ണൂരില്‍ അരങ്ങേറുക. നാരായണ ഗുരു രചിച്ച ജനനീ നവരത്‌ന മഞ്ജരിയിലെ
'കാലാതീയായ മൃദു നൂലാലേ നെയ്യുമൊരു
 ലീലാപടം ഭവതീ മെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലഗമാന്തനിലയേ....'
എന്ന വരികളിലെ നൂല് എന്ന വാക്കിനെ ചേര്‍ത്ത് മനുഷ്യബന്ധത്തെയും ഓര്‍മ്മകളെയും ദ്യോതിപ്പിക്കുന്ന ആശയമെന്നോണമാണ് നൂല്‍ ആര്‍ക്കൈവ്‌സ് രൂപീകരിച്ചത്. ഗുരു ഗീതാലാപനത്തിന്റെ രണ്ടാം സീസണിന്റെ തുടക്കമാണ് ടൗണ്‍ സ്‌ക്വയറില്‍ റിപ്പബ്ലിക് ദിന സായാഹ്നത്തില്‍ നടക്കുക.
കര്‍ണ്ണാടക സംഗീതത്തിലെ യുവഗായകരില്‍ പ്രമുഖനായ തോടൂര്‍ മദബുസി കൃഷ്ണ എന്ന ടി എം കൃഷ്ണ സംഗീതത്തെ മാധ്യമമാക്കിക്കൊണ്ട് മതനിരപേക്ഷ, ജനാധിപത്യ, പാരിസ്ഥിതിക മൂല്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ് മാഗ്‌സസെ അവാര്‍ഡ് നേടിയ അദ്ദേഹം കര്‍ണ്ണാടക സംഗീതത്തിലെ പാരമ്പര്യ രീതികളെയും ജാതിബന്ധങ്ങളെയും വിമര്‍ശന വിധേയമാക്കി നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചു.
പ്രതിന്ധിയിലായ കൊവിഡ് കാരണം കലാ സാംസ്‌കാരിക പ്രവത്തനങ്ങള്‍ നിലച്ചത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇങ്ങനെ  സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനുള്ള പദ്ധതി ആലോചിക്കുന്നുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ പദ്ധതിയുടെ പ്രാഥമിക കാര്യങ്ങള്‍ക്കായി 50 ലക്ഷം രൂപ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വകയിരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ