അയല്‍ക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടുത്തും.
ശല്യം സഹിക്കാനാവാതെ അയല്‍ക്കാർക്കെതിരേ പോലീസിനെയും കോടതിയെയും സമീപിക്കുന്നവരും കുറവല്ല.
ഇതേപോലെ സ്ഥിരം ശല്യമായ അയല്‍ക്കാരിക്കെതിരേ കോടതിയില്‍ പോയി നഷ്ടപരിഹാരം നേടിയിരിക്കുകയാണ് ഒരു ചൈനാക്കാരൻ. ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലുള്ള ഒരു റെസിഡൻഷ്യല്‍ ബ്ലോക്കിലെ രണ്ടാംനിലയില്‍ താമസിക്കുന്ന ഷാംഗിനാണു കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചത്.
ഇതേ ബ്ലോക്കില്‍ ഒന്നാംനിലയില്‍ താമസിക്കുന്ന വാംഗ് എന്ന യുവതിക്കെതിരേയായിരുന്നു ഷാംഗിന്‍റെ നിമയപ്പോരാട്ടം. മുകളിലത്തെ നിലയില്‍നിന്നുമുള്ള രാത്രിയിലെയും മറ്റും ശബ്ദങ്ങള്‍ തന്നെ അലോസരപ്പെടുത്തുകയാണെന്നും അതിനാല്‍ ഒരു ശബ്ദവും ഉണ്ടാക്കാൻ പാടില്ലെന്നും പറഞ്ഞ് വാംഗ് അയല്‍വാസിയായ ഷാംഗിനെ നിരന്തരം ശാസിക്കുകയായിരുന്നു.
ഇവരുടെ പരാതിയെത്തുടർന്നു തന്‍റെ ഫ്ലാറ്റില്‍നിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാൻ വീട് മുഴുവൻ പരവതാനി വിരിക്കുന്നതടക്കം ഷാംഗ് ചെയ്തിരുന്നു. എന്നാല്‍ പല്ലുതേക്കുക, കുളിക്കുക, അബദ്ധത്തില്‍ പാത്രങ്ങള്‍ താഴെ വീഴുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം അയല്‍ക്കാരി പരാതി തുടർന്നു.
കൂടാതെ, രാത്രി 10നുശേഷം ടോയ്‌ലറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന ആവശ്യവും വാംഗ് ഉന്നയിച്ചു. പോലീസ് ഇടപെട്ട് മധ്യസ്ഥത ചർച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഷാംഗ് തന്‍റെ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കി മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറ്റി.
എന്നാല്‍, പുതിയതായി താമസിക്കാനെത്തിയവർക്കും വാംഗിന്‍റെ നിർദേശങ്ങള്‍ സഹിക്കാതെ വന്നതോടെ പരാതിയുമായി ഷാംഗ് കോടതിയെ സമീപിച്ചു. കോടതി ഷാംഗിന് നഷ്ടപരിഹാരമായി 2,750 ഡോളർ നല്‍കാൻ അയല്‍ക്കാരിയായ യുവതിയോട് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ